test del 5 copy of del 3
‘ആ കാഴ്ചയൊന്നും ഉള്ളിൽ നിന്ന് പോകുന്നില്ല, കുഞ്ഞുങ്ങളുടെ മുഖമാണ് മനസിൽ’, 5 പേരുടെ മരണത്തിന്റെ നടുക്കം മാറാതെ വടുതല

കൊച്ചി ∙ ‘ആ ഷോക്ക് ഇതുവരെ മാറിയിട്ടില്ല. തീരെ പ്രതീക്ഷിച്ചില്ലല്ലോ. ബുദ്ധിമുട്ടുണ്ട്. ഇപ്പോൾ വീട് വൃത്തിയാക്കി. പ്രാർഥനകള്‍ നടത്തുന്നു’ പറയുമ്പോൾ അബ്ദുൽ സലാമിന്റെ ശബ്ദം താഴ്ന്നു. മൂന്നു കുട്ടികളെയും കൊലപ്പെടുത്തി അമ്മയും മുത്തശിയും ജീവനൊടുക്കിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. എന്നാൽ ആ നടുക്കത്തിൽ നിന്ന് വടുതലയിലെ ഗ്രീൻ ഗാർഡൻ ഇപ്പോഴും മുക്തമായിട്ടില്ല. മാർച്ച് 21നായിരുന്നു തിരുവനന്തപുരം കാരോട് കനകവിഹാർ ജി.സുരേന്ദ്രൻ നായരുടെ ഭാര്യ വൈ.ശ്രീകുമാരി (59), മകള്‍ അശ്വതി എസ്.നായർ (37), മക്കളായ കാർണിവൻ (14), കീർത്തിവൻ (5), അക്ഷിത (2) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രീൻ ഗാർഡനിലെ വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ആ വീടിന്റെ ഉടമസ്ഥന്റെ ജ്യേഷ്ഠസഹോദരനാണ് അബ്ദുൽ സലാം. സമാനമായ അനുഭവമാണ് പച്ചാളം വാർഡിലെ കൗൺസിലറായ ആൽബർട്ട് അമ്പലത്തിങ്കലും പങ്കുവച്ചത്. മരണം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും അതുണ്ടാക്കിയ അമ്പരപ്പും അവിശ്വസനീയതയുമാണ് ഇവിടുള്ളവർക്ക്. രണ്ടു മാസത്തേക്കായിരുന്നു അശ്വതിയും കുടുംബവും വീട് വാടകയ്ക്ക് എടുത്തിരുന്നത്. കുട്ടിയുടെ ചികിത്സാർഥം താമസിക്കാൻ എത്തിയതാണ് എന്നായിരുന്നു വീട്ടുടമസ്ഥരോട് പറഞ്ഞിരുന്നത്. സഹോദരൻ വിദേശത്തായതിനാൽ വീട് അടച്ചിട്ടു നശിച്ചു പോകേണ്ടെന്ന് കരുതി താഴത്തെ നില വാടകയ്ക്ക് നൽകുകയും ചെയ്തു. മാർച്ച് 20ന് വീട് ഒഴിയുമെന്നും ഇവർ പറഞ്ഞിരുന്നു. ആ ദിവസം വന്നു നോക്കിയ അബ്ദുൽ സലാമിന്റെ മകൻ വീട്ടിലാരുമില്ലെന്ന് തോന്നിയതിനാൽ തിരികെ പോയി. പിറ്റേന്ന് വന്നു നോക്കുമ്പോഴും അതേ സ്ഥിതി. പിന്നീട് ശ്രദ്ധിച്ചപ്പോൾ ഒരു മുറിയിൽ എസി പ്രവർത്തിക്കുന്നുണ്ടെന്ന് മനസിലായി. ഇത് ഓഫാക്കാൻ മറന്നതാണെന്ന് കരുതി സ്പെയർ താക്കോലുമായി വന്ന് തുറന്നു നോക്കുമ്പോഴാണ് വലിയൊരു ദുരന്തത്തിന്റെ ചിത്രം തെളിഞ്ഞു വരുന്നത്. ‘‘3 ചേംബറുകളായിരുന്നു പച്ചാളത്ത് ഉണ്ടായിരുന്നത്. അമ്മയേയും ഇളയ കുട്ടിയേയും ഒരു ചേംബറിലും മൂത്ത രണ്ടു കുട്ടികളെ ഒരുമിച്ചും കിടത്തിയാണ് സംസ്കരിച്ചത്’’– ആൽബർട്ട് പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് കാൻസർ ബാധിച്ച് ആൽബർട്ടിന്റെ ഭാര്യ മരിച്ചത്. ആ വേദനയിൽ രണ്ടു കുട്ടികളുമായി ജീവിച്ചു വരുമ്പോഴാണ് ഇത്തരമൊരു ദുരന്തത്തിനു സാക്ഷിയാകേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നു. കുഞ്ഞുടുപ്പുകളും ഫാൻസി ഗ്ലാസുമൊക്കെ ധരിപ്പിച്ചായിരുന്നു കുഞ്ഞുങ്ങളെ കിടത്തിയിരുന്നത്. ആ കാഴ്ചയൊന്നും ഉള്ളിൽ നിന്ന് പോകുന്നില്ലെന്നും ആൽബർട്ട് പറഞ്ഞു.
Source link


