‘ആ ആഘോഷം തികച്ചും സ്വകാര്യമായി വയ്ക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്’; വിജയത്തിന് പിന്നാലെ സഞ്ജുവിന്റെ പ്രതികരണം

കൊൽക്കത്ത: ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിലെ സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്നലെ ഇന്ത്യ, വെസ്റ്റിൻഡീസിനെ അഞ്ച് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി സെമി ഫൈനലിലെത്തിയിരുന്നു. മലയാളി താരം സഞ്ജു സാംസണിന്റെ മിന്നും ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. 50 പന്തുകളിൽ 97 റൺസാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. 196 റൺസ് എന്ന മികച്ച സ്കോർ മുന്നോട്ടുവച്ച വിൻഡീസിനെ അവസാന ഓവറിലാണ് ഇന്ത്യ തോൽപ്പിച്ചത്.
ഇപ്പോഴിതാ ടീമിനെ വിജയത്തിലെത്തിച്ച ശേഷം താരം നടത്തിയ ആഹ്ളാദ പ്രകടനമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. വിജയ റൺ നേടിയതിന് പിന്നാലെ ക്രീസിൽ മുട്ടുകുത്തിയിരുന്ന് ആകാശത്തേക്ക് നോക്കി പ്രാർത്ഥിച്ച സഞ്ജുവിന്റെ ചിത്രം നിമിഷങ്ങൾക്കകമാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായത്. ഐസിസി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സഞ്ജുവിന്റെ വീഡിയോ ഇതിനോടകം രണ്ടരക്കോടിയിലധികം ആളുകൾ കണ്ടു. ബിസിസിഐ പങ്കുവച്ച ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആരാധകരുടെ വാട്സാപ് സ്റ്റാറ്റസുകളിലും ഇൻസ്റ്റഗ്രാം സ്റ്റോറികളിലും ഇപ്പോൾ സഞ്ജുവിന്റെ ചിത്രങ്ങളാണ്. മൈതാനത്ത് പ്രാർത്ഥന നടത്തിയശേഷം ഡ്രെസിംഗ് റൂമിലിരുന്ന് താരം പ്രാർത്ഥിക്കുന്നതിന്റെ ചിത്രങ്ങളും ശ്രദ്ധേയമായി.
‘വളരെ പ്രത്യേകതയുള്ള നിമിഷമായിരുന്നു. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നയാളാണ്. ആ ആഘോഷം തികച്ചും സ്വകാര്യമായി വയ്ക്കാനാണ് ആഗ്രഹിക്കുന്നത്’.- മത്സരശേഷം സഞ്ജു പറഞ്ഞു. ‘സാധാരണ നല്ലൊരു തുടക്കം കിട്ടിക്കഴിഞ്ഞാൽ പിന്നെ അടിച്ചുതകർത്ത് കളി വേഗം തീർക്കാനാണ് ഞാൻ നോക്കാറുള്ളത്. പക്ഷേ, അപ്പുറത്ത് വിക്കറ്റുകൾ തുടരെ വീണുകൊണ്ടിരുന്നപ്പോൾ കളി അവസാനം വരെ കൊണ്ടുപോകണമെന്ന് എനിക്ക് തോന്നി. എങ്ങനെയെങ്കിലും ക്രീസിൽ നിന്ന് ടീമിനെ ജയിപ്പിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം’ സഞ്ജു പറഞ്ഞു.
മോശം ഫോമിലൂടെ കടന്നുപോയ സമയത്ത് നടത്തിയ ആത്മപരിശോധനയെക്കുറിച്ചും സഞ്ജു വെളിപ്പെടുത്തി. ‘ഞാൻ ഫോൺ ഓഫാക്കി സോഷ്യൽ മീഡിയയിൽ നിന്ന് പൂർണമായും വിട്ടുനിന്നു. എന്നെത്തന്നെ ശ്രദ്ധിക്കാൻ ശ്രമിച്ചു. ബാറ്റിംഗ് ശൈലിയിൽ മാറ്റം വരുത്താതെ കഠിനാധ്വാനം ചെയ്തു. അതിന്റെ ഫലമാണ് ഈ വിജയം. ഇന്ത്യയിലെ എല്ലാ ക്രിക്കറ്റ് താരങ്ങളും സ്വപ്നം കാണുന്ന ദിവസമാണിത്. കേരളത്തിൽ നിന്നുള്ള ഒരു പയ്യൻ രാജ്യത്തിന് വേണ്ടി ഒരു നിർണയക മത്സരം ജയിപ്പിക്കുക എന്നത് വലിയ കാര്യമാണ്. ആ സ്വപ്നം കാണാൻ ഞാൻ ധൈര്യം കാണിച്ചു, ഇന്ന് അത് യാഥാർത്ഥ്യമായി,’- സഞ്ജു കൂട്ടിച്ചേർത്തു.
Source link



