ആർസിബി സഹഉടമയ്ക്ക് ഗില്ലുമായി എന്തു ബന്ധം? കുതിച്ചുകയറി അനന്യയുടെ ‘ഫാൻസ്’; ‘ഗ്ലാം ഗേൾ’ പട്ടം സ്വന്തമാക്കി 31കാരി

ബെംഗളൂരു ∙ ഐപിഎലിന്റെ ‘മണി പവർ’ ഒന്നുകൂടി ഊട്ടിയുറപ്പിച്ച ഇടപാടിലൂടെയാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ (ആർസിബി) അദിത്യ ബിർള ഗ്രൂപ്പ് നേതൃത്വം നൽകുന്ന കൺസോർഷ്യം ഏറ്റെടുത്തത്. നിലവിലെ ചാംപ്യന്മാരായ ആർസിബിയെ 16, 706 കോടി രൂപയ്ക്കാണ് ആദിത്യ ബിർള, ടൈംസ് ഓഫ് ഇന്ത്യ എന്നിവർക്കൊപ്പം ബോൾട്ട് വെഞ്ചേഴ്സ്, യുഎസ് കമ്പനിയായ ബ്ലാക് സ്റ്റോൺ എന്നിവരുൾപ്പെട്ട കൺസോർഷ്യം സ്വന്തമാക്കിയത്. ആര്യമാൻ വിക്രം ബിർളയാണ് ടീമിന്റെ പുതിയ ചെയർമാൻ. 2008ൽ 450 കോടി രൂപ മൂല്യമുണ്ടായിരുന്ന ടീമിനെയാണ് 19 വർഷങ്ങൾക്കു ശേഷം 16, 706 കോടി രൂപയ്ക്ക് ആദിത്യ ഗ്രൂപ്പ് സ്വന്തമാക്കുന്നത്. എന്നാൽ ആ ഏറ്റെടുക്കലിനു പിന്നാലെ ‘മൂല്യം’ വർധിച്ച മറ്റൊരാൾ കൂടിയുണ്ട്. അനന്യ ബിർള. ആർസിബിയുടെ പുതിയ ചെർമാനായ ആര്യമാൻ വിക്രം ബിർളയുടെ മൂത്ത സഹോദരിയും ബിർള ഗ്രൂപ്പിന്റെ ഇപ്പോഴത്തെ മേധാവിയായ ശതകോടീശ്വരൻ കുമാർ മംഗളം ബിർളയുടെ മകളുമാണ് അനന്യ ബിർള.∙ ആരാണ് അനന്യ ബിർള?
അനന്യ ആർസിബിയുടെ ഉടമസ്ഥാവകാശവുമായോ മാനേജ്മെന്റുമായോ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെങ്കിലും, ആർസിബിയുടെ ഏറ്റെടക്കലിൽ അനന്യ നിർണായക പങ്കുവഹിച്ചതായാണ് റിപ്പോർട്ട്. 1994ൽ മുംബൈയിൽ ജനിച്ച അനന്യ, അമേരിക്കൻ സ്കൂൾ ഓഫ് ബോംബെയിലും പിന്നീട് ഓക്സ്ഫോർഡ് സർവകലാശാലയിലും പഠിച്ചു, അവിടെ സാമ്പത്തിക ശാസ്ത്രത്തിലും മാനേജ്മെന്റിലും വൈദഗ്ദ്ധ്യം നേടി. 17-ാം വയസ്സിൽ ‘സ്വതന്ത്ര മൈക്രോഫിൻ’ സ്ഥാപിച്ചുകൊണ്ട് അനന്യ തന്റെ സംരംഭകത്വ യാത്രയ്ക്കു തുടക്കം കുറിച്ചു. ഗ്രാമീണ സ്ത്രീകൾക്ക് ചെറിയ വായ്പകൾ നൽകുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. പിന്നീട് ഡിജിറ്റൽ, കൺസ്യൂമർ ബിസിനസ്സുകളിലേക്കും വ്യാപിച്ചു.∙ അനന്യ എങ്ങനെ ട്രെൻഡിങ്ങായി?
ആർസിബിയെ ആദിത്യ ബിർള ഗ്രൂപ്പ് ഏറ്റടുത്തതിനു പിന്നാലെയാണ് അനന്യയും സൈബർ ലോകത്ത് ട്രെൻഡിങ്ങായത്. മാനേജ്മെന്റുമായി നേരിട്ട് ബന്ധമില്ലെങ്കിലും ആർസിബി ജഴ്സിയിലുള്ള അനന്യയുടെ ഒരു മുൻ വിഡിയോ വീണ്ടും വ്യാപകമായി പ്രചരിക്കുകയായിരുന്നു. പിന്നാലെ ആർസിബി ആരാധകരടക്കം കൂട്ടമായി അനന്യയെ ഫോളോ ചെയ്തതോടെ ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം കുതിച്ചുകയറി.
Source link


