LATEST

ആരോഗ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം

വടകര: കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാജോർജിന് കരിങ്കൊടി കാണിച്ച കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ വടകര തോടന്നൂരിലെ വീടിന് നേരെ ബോംബേറ്. വെള്ളിയാഴ്ച പുലർച്ചെ 2.30ഓടെയുണ്ടായ ബോംബേറിൽ വീടിന്റെ മുൻഭാഗത്തെ ജനൽചില്ലുകൾ തകർന്നു. സൺഷെയ്ഡിന് കേടുപറ്റി. ബിതുൽ ബാലന്റെ അച്ഛനും അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

മൂന്നുപേർ ഗേറ്റിന് മുൻവശം വന്നു നിൽക്കുന്നതും ഒരാൾ വീടിന് നേരെ ബോംബെറിയുന്നതുമായ സി.സി ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് നാട്ടുകാരും വടകര പൊലീസും സ്ഥലത്തെത്തി.

കണ്ണൂരിൽ ലാ കോളജിൽ പഠിക്കുന്ന ബിതുൽ ബാലൻ ആരോഗ്യമന്ത്രി വീണാജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായി റിമാൻഡിൽ കഴിയുകയാണ്. ഇതിന്റെ പ്രതികാരമായാണ് തോടന്നൂരിലെ വീടിനു നേരെയുള്ള അക്രമമെന്ന് കരുതുന്നു. വീടിന് പൊലീസ് കാവലേർപ്പെടുത്തി.

കലാപാഹ്വാനത്തിന്

കേസെടുക്കണം: ഷാഫി പറമ്പിൽ

ബിതുൽ ബാലന്റെ വീട് ഷാഫി പറമ്പിൽ എം.പി സന്ദർശിച്ചു. ഗൺമാൻ മന്ത്രിയുടെ കഴുത്തിന് പിടിച്ചിട്ടുണ്ടെങ്കിൽ കെ.എസ്.യുക്കാരന്റെ വീടിന് ബോംബെറിയുകയല്ല വേണ്ടതെന്ന് സി.പി.എമ്മിന്റെ പാർട്ടി സെക്രട്ടറി അണികളോട് പറയണമെന്ന് ഷാഫി പറഞ്ഞു. ആരോഗ്യമന്ത്രിയെ ആക്രമിച്ചെന്ന പേരിൽ നടക്കുന്ന കലാപാഹ്വാനത്തിന് ഗോവിന്ദനെതിരെ കേസെടുക്കണം. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തോൽവിയും തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതും കാരണം ഭരണം നഷ്ടപ്പെടുമെന്നായപ്പോൾ സി.പി.എം ചെയ്യുന്നതാണിതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.


Source link

Related Articles

Back to top button