ആരോഗ്യമന്ത്രിക്കെതിരെ ആക്രമണം : സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഎം , കെഎസ്‌യു പ്രവർത്തകർ കസ്റ്റഡിയിൽ

തിരുവനന്തപുരം : കണ്ണൂരിൽ കെ.എസ്,യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്ക് പരിക്കേറ്റ സംഭവത്തിൽ അഞ്ച് കെഎസ്.യു പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു. അതുൽ, യാസിൻ, മുബാസ്, അക്ഷയ്, ബിദുൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുക്കും. അതേസമയം വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് സി.പി.എം ആഹ്വാനം ചെയ്തു. കണ്ണൂരിൽ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, മുതിർന്ന നേതാവ് പി.ജയരാജൻ, എം.എൽ.എമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു.
എന്നാൽ കെ,എസ്.യു പ്രവർത്തകർ മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചു. മന്ത്രിക്കെതിരെ കൈയേറ്റം ഉണ്ടായെന്നത് ആരോപണം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രതിഷേധ സ്ഥലത്ത് മൂന്നോ നാലോ കെ.എസ്.യുക്കാരും 35 പൊലീസുകാരുമാണ് ഉണ്ടായിരുന്നത്. പുറത്തുവന്ന ദൃശ്യങ്ങൾ പ്രകാരം ഒരു കെ.എസ്.യുക്കാരനും മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ല. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. മന്ത്രിക്കെതിരെ കൈയേറ്റമുണ്ടായെന്ന് തെളിഞ്ഞാൽ നടപടിയെടുക്കാൻ ഒരു മടിയുമില്ലെന്നും സതീശൻ പറഞ്ഞു, മന്ത്രിക്ക് പരിക്കേറ്റു എന്ന് പറയുന്നത് അതേപടി വിശ്വസിക്കാൻ കഴിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും പറഞ്ഞു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് കെ.എസ് .യു പ്രവർത്തകൾ പ്രതിഷേധവുമായി എത്തിയത്. സംഭവത്തെ തുടർന്ന് വന്ദേഭാരത് ട്രെയിന് പോകേണ്ടിയിരുന്ന മന്ത്രി യാത്ര റദ്ദാക്കി. തുടർന്ന് മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി സന്ദർശിച്ചു.
Source link

