LATEST

ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു; ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു, യാത്ര റോഡുമാർഗം

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കഴുത്തിന് ക്ഷതമേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ പരിയാരം മെഡിക്കൽ കോളേിൽ നിന്ന് ഡിസ്‌ചാർജ് ചെയ്തു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് മന്ത്രി ആശുപത്രി വിട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലേതാണ് തീരുമാനം.

മന്ത്രിയും സംഘവും റോഡ് മാർഗമാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. ഇന്നലെ രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് വരുന്നതായും മെഡിക്കൽ ബോർഡ്‌ വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇന്നലെ വൈകുന്നേരം ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിലും മന്ത്രിയുടെ ആരോഗ്യനിലയിൽ ആശ്വാസമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് മെഡിക്കൽ ബോർഡ് അറിയിച്ചത്. കഴുത്തിലെ കശേരുകൾക്കിടയിലെ ഡിസ്‌ക്കുകൾ രണ്ടിടങ്ങളിൽ നാഡിയിൽ അമർന്നതാണ് കടുത്ത വേദനയ്ക്ക് കാരണമായത്. വേദന വലതുകൈയിലേക്കും തലയുടെ പിൻഭാഗത്തേക്കും പടരുന്ന സ്വഭാവമുള്ളതായിരുന്നു. ഉയർന്ന രക്തസമ്മർദം നിയന്ത്രണത്തിലായെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് അനുമതി നിഷേധിച്ചിരുന്നു. കെഎസ്‍യു പ്രതിഷേധം നടന്ന സ്ഥലത്തെ ക്യാമറാ ദൃശ്യം ആവശ്യപ്പെട്ട് അന്വേഷണ സംഘം റെയിൽവേ പൊലീസിന് അപേക്ഷ നൽകിയിരിക്കുകയാണ്.

മന്ത്രിയെ ആക്രമിച്ച സംഭവത്തിൽ അഞ്ച്‌ കെഎസ്‌യു നേതാക്കൾക്കെതിരെ വധശ്രമത്തിന്‌ കേസെടുത്തു. ‘കൊല്ലെടാ’ എന്ന്‌ ആക്രോശിച്ചാണ്‌ അക്രമിസംഘം മന്ത്രിക്കുനേരെ പാഞ്ഞടുത്തതെന്ന്‌ എഫ്‌ഐആറിൽ പറയുന്നു. പ്രതികളുടെ കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ചാണ്‌ കഴുത്തിന്‌ ആക്രമിച്ചതെന്ന്‌ ഗൺമാൻ എം എസ്‌ അഭിലാഷ്‌ മൊഴി നൽകിയിട്ടുണ്ട്‌.


Source link

Related Articles

Back to top button