‘ആരെയൊക്കെ വിളിക്കണമെന്ന് കേരള സർക്കാർ പറയണമായിരുന്നു’; ഉദ്ഘാടന ചടങ്ങ് വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

തൃശൂർ: സംസ്ഥാനത്തെ ദേശീയപാത വികസന പദ്ധതികളുടെ ഉദ്‌ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പരിപാടി നടന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.’ഉദ്ഘാടന ചടങ്ങിന്റെ വിവരങ്ങൾ നേരത്തെ കേരള സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ബ്ലൂ ബുക്ക് പ്രകാരമുള്ള ക്രമീകരണം വേദിയിൽ ഉണ്ടായിരുന്നു. അല്ലെങ്കിൽ കേരള സർക്കാർ പറയണമായിരുന്നു, ഈ വ്യക്തികളും കൂടി വേദിയിൽ വേണമെന്ന്. കേരള സർക്കാർ അറിയിച്ചിരുന്നെങ്കിൽ അത് അനുസരിച്ച് ക്രമീകരണം നടത്തുമായിരുന്നു. അവരുടെ രാഷ്ട്രീയത്തിന് അത് ആവശ്യമായിരുന്നു. അതിനാലാണ് ഇന്നലെ അങ്ങനെ പറഞ്ഞത്. ആധാർ കാർഡ് വരെ പരിശോധിച്ചിട്ടാണ് എന്നെ ഇന്നലെ വേദിയിലേക്ക് കടത്തിവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്ന പരിപാടിയാണ് അതിന് അതിന്റേതായ പ്രൊട്ടോക്കോൾ ഉണ്ട്’- സുരേഷ് ഗോപി വ്യക്തമാക്കി. ഇന്നലെ 10,800 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും സമർപ്പണവും കലൂർ ജെഎൻഎൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, ഹൈബി ഈഡൻ എം.പി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Source link



