ആയിരമല്ല, ഒരേ ഒരു ആശ; സിനിമയുടെയും നൃത്തത്തിന്റെയും വിശേഷങ്ങളുമായി ആശ ശരത്

മലയാളത്തിന്റെ വെള്ളിത്തിരയിൽ ഇതാദ്യമായി ജയറാമും ആശ ശരത്തും. കുടുംബ ബന്ധത്തിന്റെ ആഴവും സ്നേഹ ബന്ധങ്ങളിലെ ചിരിയും ചിന്തയും കോർത്തിണക്കി ‘ആശകൾ ആയിരം” തിയേറ്ററിൽ. ഇടവേളയ്ക്കുശേഷം ജയറാം ഫാമിലിമാൻ ആയി എത്തുന്നത് ആശ ശരത്തിന്റെ കൈ പിടിച്ച്. സിനിമയുടെയും നൃത്തത്തിന്റെയും വിശേഷങ്ങളുമായി ആശ ശരത് ചേരുന്നു.
വീടിനകത്തെ കാഴ്ചകളാണോ ആശകൾ ആയിരം ?
ഒരു ചെറിയ കുടുംബചിത്രം ആണ് ആശകൾ ആയിരം. ഞങ്ങളുടെ തലമുറയുടെയും ജെൻ സികളുടെയും ജീവിതവുമായി ബന്ധമുള്ള കഥ. അതുതന്നെയാണ് പ്രത്യേകത . ജയറാമേട്ടൻ, കാളിദാസ് ജയറാം തുടങ്ങി ഒരുപാട് താരങ്ങൾ, പ്രജിത്തേട്ടൻ ആണ് സംവിധാനം, ജൂഡും അരവിന്ദും ചേർന്ന് തിരക്കഥ. സൗരവിന്റെ ക്യാമറ, ഗോകുലം ആണ് നിർമ്മാണം. ഒരു നല്ല ടീമിന്റെ കൂടെ ജോലിചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു.
ജയറാമിനൊപ്പം മലയാളത്തിൽ അഭിനയിക്കാൻ വൈകിയോ?
ഞാൻ അടുത്തുകണ്ട ആദ്യ സിനിമ നടൻ ജയറാമേട്ടൻ ആണ്.
ഞങ്ങൾ ഒരേ നാട്ടുകാർ. ഒരേ കോളേജിൽ പഠിച്ചു . കോളേജിൽ ഞാൻ വളരെ ജൂനിയർ ആയിരുന്നു . ബാഗമതി എന്ന തെലുങ്ക് ചിത്രത്തിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ അഭിനയിക്കുന്നത് ആദ്യമാണ്. കുറച്ച് വൈകിയോ എന്നു ചോദിച്ചാൽ കുറെ കാലങ്ങൾ കഴിഞ്ഞു എന്നൊരു തോന്നലുണ്ട്. മുൻപ് പല സിനിമയിലേക്കും വിളി വന്നെങ്കിലും ഒരുമിക്കാൻ സാധിച്ചില്ല. കുറച്ചു വർഷങ്ങൾക്കുശേഷം അതു നടന്നതിന്റെ വലിയ സന്തോഷമുണ്ട്.
മുൻപത്തെ പോലെ സിനിമയിൽ സജീവമാകുന്നില്ല ?
സെലക്ടീവാണെന്ന് പറയാൻ കഴിയില്ല. നമുക്ക് എന്തെങ്കിലും ചെയ്യാൻ സ്‌പേസ് ലഭിക്കുന്ന സിനിമയുടെ ഭാഗമായാൽ മാത്രമേ കാര്യം ഉള്ളൂ. പ്രാധാന്യം നിറഞ്ഞ കഥാപാത്രങ്ങൾ വരുമ്പോൾ അതിന്റെ ഭാഗമാകുന്നു. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും അഭിനയിക്കുന്നുണ്ട്. ഇതിനൊപ്പം നൃത്തവും അദ്ധ്യാപനവും ഒരുമിച്ച് കൊണ്ടുപോകുന്നതു കൊണ്ടാകാം ചെറിയ ഇടവേള ഉണ്ടാകുന്നത്. മലയാളത്തിൽ ഒന്നുരണ്ട് സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. തമിഴിൽ ശശികുമാറിന്റെ ‘മൈ ലോർഡ്” ഉടൻ റിലീസ് ചെയ്യും. തമിഴിൽ മറ്റൊരു സിനിമയും റിലീസ് ചെയ്യാനുണ്ട്. നൃത്താവിഷ്‌കാരങ്ങൾ മുടക്കമില്ലാതെ മുൻപോട്ട് പോകുന്നതിൽ ദൈവത്തിനും ഗുരുക്കന്മാർക്കും നന്ദി.
സൂര്യ ഫെസ്റ്റിവലിൽ ‘അപരാജിത” എന്ന നൃത്താവിഷ്കാരം ചെയ്തു. കാലവും കാലഘട്ടവും, സ്‌ത്രീകളുടെ പേരും എല്ലാം മാറിയാലും അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഒന്നും വലിയ മാറ്റം സംഭവിക്കുന്നില്ല എന്നതാണ് പ്രമേയം. ഞങ്ങൾ മാറും എന്നും മുൻപോട്ട് സഞ്ചരിക്കുമെന്നും ‘അപരാജിത” ഓർമ്മപ്പെടുത്തുന്നു. സമകാലീന സംഭവങ്ങൾ വരെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സിനിമയിലും കുടുംബിനി വേഷത്തിൽ തിളങ്ങാൻ എന്തായിരിക്കും കാരണം?
കുടുംബിനി വേഷത്തിൽ സിനിമയിൽ തിളങ്ങുന്നുണ്ടോ എന്ന് അറിയില്ല. കൂടുതലും പൊലീസും മറ്റും ആണ് എപ്പോഴും ആളുകൾ പറയുന്നത്. വർഷം, അനുരാഗ കരിക്കിൻ വെള്ളം പോലത്തെ അമ്മ വേഷത്തെപ്പറ്റി വളരെ കുറച്ചുപേർ പറയാറുണ്ട്. വീടും ഭർത്താവും മക്കളും അച്ഛനും അമ്മയും. അതിനൊപ്പം നൃത്തവും സംഗീതവും സിനിമയും ആയതുകൊണ്ടാകാം ആളുകൾ അങ്ങനെ പറയുന്നത്. ജീവിതത്തിൽ ആദ്യ പരിഗണന കുടുംബത്തിന് കൊടുക്കുന്ന ആളാണ് ഞാൻ.
സ്ക്രീനിൽ മക്കൾക്കുവേണ്ടി നിലകൊണ്ട അമ്മമാരിൽ ആരെയാണ് കൂടുതൽ പ്രിയം ?
എല്ലാവരെയും ഇഷ്ടം ആണ്. ഭർത്താവിനോട് സ്‌നേഹവും ഇഷ്ടവും ബഹുമാനവും കലർന്ന വികാരമാണല്ലോ. മക്കളോട് ആണെങ്കിൽ അവർ എന്റേത് എന്നു ചേർത്തുപിടിക്കാവുന്ന ബന്ധം. ഞാൻ ജന്മം കൊടുത്ത എന്റെ മക്കൾ. അവരുടെ എല്ലാ നല്ലതും മോശവുമായ കാര്യങ്ങൾ മനസിലാക്കുന്നതും മക്കൾക്ക് എല്ലാം തുറന്നുപറയാവുന്നതുമായ ബന്ധം നമുക്ക് എല്ലാവർക്കും അമ്മയോട് ആയിരിക്കും. അതുപോലെ തന്നെയാണ് ആശകൾ ആയിരത്തിൽ കാളിദാസ് ജയറാം ചെയ്യുന്ന അജീഷ് എന്ന കഥാപാത്രത്തിന് ആശ എന്ന അമ്മയുടെ വേഷം അവതരിപ്പിക്കുന്ന എന്നോട് ഉള്ളത്. ഈ അമ്മയും മകനും തമ്മിലുള്ള കെമിസ്ട്രി വളരെ ശക്തമാണ്. ഒരു പടി മക്കളോട് ചേർന്നുനിൽക്കുന്ന അമ്മ ആണ് ആശ.
അഭിനയം, നൃത്തം. മനസ് കൂടുതൽ നിറയുന്നത് എപ്പോൾ ?
സിനിമയിൽ പല കഥാപാത്രങ്ങൾ വന്നുപോകുന്നു. പല രീതിയിലും പല ഭാവത്തിലും നിരവധി താരങ്ങൾ ചേർന്ന് ചെയ്യുന്നതാണ് സിനിമ. എന്നാൽ നൃത്തം അങ്ങനെ അല്ല. വേദിയിൽ ഞാൻ മാത്രം. പല കഥാപാത്രമാകുന്നു. ആയിരക്കണക്കിന് പ്രേക്ഷകരെ രണ്ടുമണിക്കൂർ പിടിച്ചിരുത്തുക എന്നത് വളരെ വലിയ ഉത്തരവാദിത്വമാണ്. അതിന്റെ പ്രതികരണം അപ്പോൾ തന്നെ ലഭിക്കുന്നുമുണ്ട്. കൂടുതൽ ഉത്തരാവാദിത്വം എടുക്കേണ്ടത് നൃത്തവേദിയിൽ തന്നെ. സിനിമയിൽ സംവിധായകന്റെ നിർദ്ദേശത്തിൽ അഭിനയിക്കുന്നതും, വലിയ ഉത്തരവാദിത്വം തന്നെയാണ്. എന്നാൽ അതിനും എത്രയോ മുകളിൽ ആണ് വ്യക്തി എന്ന നിലയിൽ മനസ് നിറയുന്നത് നൃത്തവേദിയിൽ തന്നെയാണ്. നൃത്തം ചെയ്യുമ്പോഴാണ് കൂടുതൽ സംതൃപ്തി .
തിയേറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയ ഖെദ്ദ ഒ.ടി.ടിയിൽ ചർച്ച ആകുന്നു ?
ഖെദ്ദയുടെ പ്രമേയം ഇന്നത്തെ സമൂഹത്തിൽ നടക്കുന്നതും കണ്ണും ചെവിയും അടച്ചുപോകുകയും ചെയ്യുന്ന വിഷയം ആണ്. കൊവിഡ് കാലത്തായിരുന്നു റിലീസ്. നാലഞ്ചുവർഷത്തിനുശേഷം ഇപ്പോൾ ഒ.ടി.ടിയിൽ റിലീസ് പെയ്തപ്പോൾ നമ്പർ വൺ ആയി മാറിയതിൽ സന്തോഷമുണ്ട്. ആ പ്രമേയത്തിനോട് തോന്നിയ ഇഷ്ടം കൊണ്ട് പ്രതിഫലം വാങ്ങിയില്ല. കഥാപാത്രം കുറച്ചു നെഗറ്റീവ് ആണ് . എന്നാൽ, കഥാപാത്രത്തിൽ പോസിറ്റീവ്, നെഗറ്റീവ് എന്നു നോക്കാറില്ല. കഥാപാത്രം ആകുക എന്നു മാത്രമേ നോക്കാറുള്ളൂ. മനുഷ്യരിലും പോസിറ്റീവും നെഗറ്റീവും ഉണ്ടല്ലോ. സബിത എന്ന കഥാപാത്രം ജീവിച്ചിരുന്ന ആളാണ്. അവരുടെ ജീവിതം ആണ് സംവിധായകൻ മനോജ് കാന സാർ സിനിമയാക്കിയത്. ഇങ്ങനെയും സ്‌ത്രീകൾ ഉണ്ടെന്ന് സമൂഹത്തിനോട് പറയണമെന്ന് തോന്നി. ഇപ്പോൾ ചർച്ച ചെയ്യുന്നതിൽ സന്തോഷം.
Source link



