ആദ്യ ശ്രമത്തിന് പാരയായി തമിഴ്നാട്ടില്‍ നിന്നുള്ള വരവ്; ട്രാക്ക് മാറ്റിയപ്പോള്‍ കിട്ടുന്നത് വന്‍ ലാഭം

കോഴിക്കോട്: ചെയ്തിരുന്ന ജോലി നഷ്ടമായതോടെയാണ് മൂവര്‍സംഘം കൃഷിയിലേക്ക് തിരിഞ്ഞത്. മണ്ണില്‍ അധ്വാനിച്ചാല്‍ ഫലം കിട്ടുമെന്ന ശുഭപ്രതീക്ഷയായിരുന്നു സലീമിനും അലിക്കും ഗോപിനാഥനും. ചാലിയാറില്‍ നിന്ന് മണല്‍ വാരുന്നതായിരുന്നു മൂവരുടേയും ജോലി. സര്‍ക്കാരിന്റെ വിലക്ക് വന്നതോടെ ഉണ്ടായിരുന്ന ജോലി പോയി. കൃഷിയെന്ന ആശയം മനസ്സിലുദിച്ചപ്പോള്‍ ആദ്യം ചിന്ത പോയത് വാഴകൃഷിയിലേക്ക് ആയിരുന്നു. പ്രദേശത്ത് നിരവധിപേര്‍ ചെയ്തിരുന്ന പണിയായതിനാലും അന്യസംസ്ഥാനങ്ങളില്‍ നിന്ന് സാധനം കേരളത്തിലേക്ക് യഥേഷ്ടം വരുന്നത് കൊണ്ടും പ്രതീക്ഷിച്ച ലാഭം കിട്ടിയില്ല.വാഴകൃഷിയുമായി മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞതോടെ ട്രാക്കൊന്ന് മാറ്റിപ്പിടിക്കാനായി പിന്നെ തീരുമാനം. ഈ ആലോചന ചെന്നെത്തിയതാകട്ടെ വന്‍ ഡിമാന്‍ഡുള്ള തണ്ണിമത്തനിലേക്കും. പിന്നെയാണ് ജീവിതം തന്നെ മാറ്റിമറിച്ച കാര്യങ്ങള്‍ സംഭവിച്ചത്. ആറ് വര്‍ഷം മുന്‍പാണ് ആദ്യമായി തണ്ണിമത്തന് കൃഷി ഇറക്കിയത്. ആദ്യ കൃഷിയില്‍ തന്നെ മികച്ച വിളവും ലാഭവും ലഭിച്ചതോടെ, ഇന്ന് ജില്ലയില്‍ ഏറ്റവും കൂടുതല്‍ തണ്ണിമത്തന് കൃഷി ചെയ്യുന്ന കര്‍ഷകരായി ഈ മൂവര്‍സംഘം മാറി.കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്തിലെ കാരാട്ട് പാടത്താണ് ഇവര്‍ ഇത്തവണ കൃഷി ചെയ്തത്. എട്ടേക്കറില്‍ നീണ്ട് കിടക്കുന്ന തണ്ണിമത്തന് പാടം. കിരണ്‍, വെസ്റ്റ് കോസ്റ്റ്, യെല്ലോ മഞ്ച്, ഓറഞ്ച് മഞ്ച്, ജിയ ഉള്‍പ്പെടെ ഏഴ് ഇനം തണ്ണിമത്തനുകളാണ് കൃഷി ചെയ്യുന്നത്. പഞ്ചായത്ത് കൃഷിഭവനില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് കൃഷിയും പരിപാലനവും നടത്തുന്നത്. കൃഷിക്ക് ആവശ്യമായ വെള്ളം നല്കുന്നതാകട്ടെ ഡ്രിപ്പ് പദ്ധതി വഴിയും.
Source link



