CINEMA

ആദ്യ ബന്ധം വേർപെടുത്താതെ രണ്ടാം വിവാഹത്തിന് ഒരുങ്ങി; കൈയോടെ പൊക്കി നാണംകെടുത്തി ഭാര്യ

ബസ്തി (ഉത്തർപ്രദേശ്): വിവാഹം വേർപെടുത്താതെ രണ്ടാമത് വിവാഹം കഴിക്കാൻ ഒരുങ്ങിയ യുവാവിന് ആദ്യ ഭാര്യ നൽകിയ എട്ടിന്റെ പണിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തർപ്രദേശിലെ ബസ്തിയിലാണ് സംഭവം. വിനയ് അംഗദ് ശർമ്മ എന്ന യുവാവാണ് വിവാഹമോചനം നേടാതെ വീണ്ടും കല്യാണം കഴിക്കാൻ ശ്രമിച്ചത്. എന്നാൽ ചടങ്ങിനിടെ ഇയാളുടെ ആദ്യ ഭാര്യ വിവാഹവേദിയിലെത്തി രണ്ടാം വിവാഹം തടയുകയായിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ബാൻഡിന്റെയും ആഘോഷങ്ങളുടെയും അകമ്പടിയോടെ വരന്റെ ഘോഷയാത്ര വിവാഹവേദിയിലെത്തുന്ന സമയത്താണ് ആദ്യ ഭാര്യ രേഷ്മയുടെ കടന്നുവരവ്. യുവതി പൊലീസുമായാണ് സ്ഥലത്തെത്തിയത്. ഇതോടെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. രാത്രി 11.30 ഓടെ വിവാഹവേദിയിലേക്ക് കടന്നുചെന്ന രേഷ്മ എന്തിനാണ് രണ്ടാമതും വിവാഹം കഴിക്കാൻ തുനിഞ്ഞതെന്ന് തന്റെ ഭർത്താവിനോട് ചോദിക്കുകയായിരുന്നു.

താനുമായി വിവാഹം കഴിച്ചതിന്റെ തെളിവായി വിവാഹ ഫോട്ടോകളും സർട്ടിഫിക്കറ്റും അവർ എല്ലാവരെയും കാണിച്ചു. വിനയ് തന്റെ ഭർത്താവാണെന്ന് രേഷ്മ ആവർത്തിച്ച് പറയുകയും എല്ലാവരുടെയും മുന്നിൽ വച്ച് മറുപടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വിനയ് രേഷ്മയെ അറിയില്ലെന്നും മുമ്പ് വിവാഹം കഴിച്ചിട്ടില്ലെന്നുമാണ് പറഞ്ഞത്.

വിവാഹ വേദിയിൽ നടന്ന വാക്കുതർക്കത്തിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. വിവാഹ ഫോട്ടോകൾ കൈയിലെടുത്ത് രേഷ്മ ചുറ്റുമുള്ള ആളുകൾക്ക് കാണിച്ചുകൊടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ഇക്കാര്യത്തിൽ ആരും ഇടപെടരുതെന്നും രേഷ്മ ആൾക്കൂട്ടത്തോട് ആവശ്യപ്പെട്ടു. വിനയ് തന്നെയും മറ്റൊരു സ്ത്രീയേയും വഞ്ചിച്ചതായും യുവതി ആരോപിച്ചു. തന്നിൽ നിന്ന് പണം വാങ്ങി ഇയാൾ വാഹനം വാങ്ങിയതായും രേഷ്മ ആരോപിക്കുന്നുണ്ട്.

രംഗം വഷളായതോടെ വധുവിന്റെ വീട്ടുകാർ രേഷ്മയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവം വധുവിനെ അസ്വസ്ഥയാക്കി. തുടർന്ന് മണ്ഡപത്തിൽ നിന്ന് എഴുന്നേറ്റ് പോയ വധു വിവാഹത്തിൽ താത്പര്യമില്ലെന്ന് പറഞ്ഞ് സ്ഥലം വിട്ടു. വിനയ്‌യുമായി തനിക്ക് ഒമ്പത് വർഷത്തെ ബന്ധമുണ്ടായിരുന്നതായി രേഷ്മ പറയുന്നു. തങ്ങൾ കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ്. 2022 മാർച്ച് 30ന് രജിസ്റ്ററോഫീസിൽ വച്ച് വിവാഹം ചെയ്ത ശേഷം ഡിസംബർ എട്ടിന് കുടുംബാംഗങ്ങൾക്കൊപ്പം പരമ്പരാഗത രീതിയിൽ വിവാഹ ചടങ്ങുകൾ നടത്തിയിരുന്നുവെന്നും യുവതി പറുയുന്നു.

എന്നാൽ പിന്നീട് ബന്ധം വഷളാവുകയും വിവാഹമോചനത്തിനുള്ള നിയമ നടപടികൾ ഇപ്പോഴും തുടരുകയാണെന്നും രേഷ്മ വ്യക്തമാക്കി. ആഭരണങ്ങളുമായി താൻ ഒളിച്ചോടിപ്പോയെന്ന് ആരോപിച്ച് വിനയ് വക്കീൽ നോട്ടീസ് അയച്ചതായും വിവാഹമോചനം ഇതുവരെ അന്തിമമായിട്ടില്ലെന്നും രേഷ്മ പറഞ്ഞു. സംഘർഷം ഒഴിവാക്കാൻ പൊലീസ് ഇടപെട്ട് ചോദ്യം ചെയ്യുന്നതിനായി വിനയ്‌യേയും രേഷ്മയേയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രശ്‌നം പരിഹരിക്കാൻ അധികൃതർ ഇരുപക്ഷവുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button