ആദ്യം ദിലീപിനൊപ്പം, ഇപ്പോൾ അതിജീവിതയ്‌ക്കൊപ്പം; നിലപാടിൽ മലക്കംമറിഞ്ഞ് അടൂർ പ്രകാശ്

തിരുവനന്തപുരം: നടി ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ പിന്തുണച്ച നിലപാടിൽ മലക്കംമറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ദിലീപിന് നീതി ലഭിച്ചെന്നും സർക്കാർ അപ്പീലിന് പോകുന്നത് വേറെ പണിയില്ലാത്തതിനെ തുടർന്നാണെന്നും ആദ്യം പ്രതികരിച്ച അടൂർ പ്രകാശ്, ഇപ്പോൾ പറയുന്നത് അതിജീവിതയ്ക്ക് നീതി ലഭിക്കാനുള്ള പ്രവർത്തനങ്ങൾ നിശ്ചയമായും നടക്കണമെന്നാണ്. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയ്ക്ക് സർക്കാർ ഉരുണ്ടുകളിക്കേണ്ട കാര്യമില്ലെന്നും അടൂർ പ്രകാശ് രണ്ടാമത് മാദ്ധ്യമങ്ങളെ കണ്ട് പറഞ്ഞു.
പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് സർക്കാർ തുറന്നുപറയുകയാണ് ചെയ്യേണ്ടത്. അതിനുപകരം, ഇപ്പോൾ ഉരുണ്ടുകളിച്ച് എന്തെങ്കിലുമൊക്കെ പറഞ്ഞ് രക്ഷപ്പെടാൻ വേണ്ടി ഇവർ തയ്യാറാക്കി വച്ചിരിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കോൺഗ്രസും യുഡിഎഫും ഇപ്പോൾ അതിജീവിതയ്‌ക്കൊപ്പമാണ്. അക്കാര്യം കെപിസിസി അദ്ധ്യക്ഷനും മുതിർന്ന നേതാക്കൾ പറഞ്ഞിട്ടുണ്ട്’- അടൂർ പ്രകാശ് പറഞ്ഞു.
രാവിലെ വോട്ട് ചെയ്തതിന് ശേഷം മാദ്ധ്യമങ്ങളെ കണ്ടപ്പോഴാണ് അടൂർ പ്രകാശ് ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് നീതി ലഭ്യമായെന്നാണ് അടൂർ പ്രകാശ് പറഞ്ഞത്. ദിലീപുമായി വളരെക്കാലമായി അടുത്ത ബന്ധമുണ്ട് അതിനാൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘നടി എന്ന നിലയിൽ ആ കുട്ടിയോടൊപ്പമാണ് ഞങ്ങൾ. എന്നാൽ, നീതി എല്ലാവർക്കും വേണം. ദിലീപിന് നീതി ലഭ്യമായി. കലാകാരൻ എന്നതിനേക്കാളപ്പുറം നേരിട്ട് ബന്ധമുള്ളയാളാണ്. ദിലീപിന് കോടതി തന്നെയാണ് നീതി നൽകിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയെടുത്ത കേസാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. സർക്കാർ അറസ്റ്റ് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു. വേറെ ഒരു പണിയും ഇല്ലാത്തതിനാൽ സർക്കാർ അപ്പീലിന് പോകും. ആരെയൊക്കെ ഉപദ്രവിക്കാം എന്ന് ചിന്തിക്കുന്ന സർക്കാരാണ്. എന്ത് കേസും കെട്ടിച്ചമച്ചുണ്ടാക്കാൻ തയ്യാറായി നിൽക്കുന്ന സർക്കാരാണ് ഇവിടെ ഉള്ളത്’- അടൂർ പ്രകാശ് പറഞ്ഞു.
Source link



