CINEMA

ആടിയുലഞ്ഞ് വെടിനിറുത്തൽ : ലെബനനിൽ ഇസ്രയേൽ ആക്രമണം ശക്തം, ഇറാൻ – യു.എസ് ധാരണ തുലാസിൽ


ടെഹ്റാൻ: ബുധനാഴ്ച നിലവിൽ വന്ന 14​ ​ദി​വ​സ​ത്തെ ഇറാൻ-യു.എസ് വെടിനിറുത്തൽ ഏതുനിമിഷവും തകർന്നേക്കാമെന്ന് ആശങ്ക. ലെബനനിലെ ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രയേൽ തുടരുന്ന പ്രഹരം അവസാനിപ്പിച്ചില്ലെങ്കിൽ വെടിനിറുത്തലിൽ നിന്ന് പിന്മാറുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഏതുനിമിഷവും ആക്രമണം പുനരാരംഭിക്കാൻ സജ്ജമാണെന്നും അറിയിച്ചു. ഹിസ്ബുള്ളയ്ക്കെതിരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തിരിച്ചടിച്ചു.വെടിനിറുത്തൽ ധാരണയിൽ എത്തിയശേഷം 270ലേറെ പേരാണ് ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഹിസ്ബുള്ള മേധാവി നയീം കാസിമിന്റെ പേഴ്സണൽ സെക്രട്ടറിയും അനന്തരവനുമായ അലി യൂസഫ് ഹാർഷി അടക്കം നിരവധി കമാൻഡർമാരെ വധിച്ചു. തലസ്ഥാനമായ ബെയ്റൂട്ടിലെ ആശുപത്രികൾ മൃതദേഹങ്ങളാലും പരിക്കേറ്റവരാലും നിറഞ്ഞു.അതേ സമയം, സമാധാന ചർച്ചയിൽ പങ്കെടുക്കാൻ ഇറാൻ സംഘം ഇന്ന് പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ എത്തും. നാളെ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിലെ സംഘവുമായി ചർച്ച നടത്തും. ലെബനനിലെ വെടിനിറുത്തൽ ഇറാൻ ഉന്നയിക്കും. ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇന്നലെ ഇറാന്റെ വ്യോമാക്രമണങ്ങളുണ്ടായില്ല എന്നത് ആശ്വാസമായി.


Source link

Back to top button