അവസാന മത്സരത്തിലെ തോൽവി; പിന്നാലെ ശ്രീലങ്കൻ പരിശീലക സ്ഥാനം ഒഴിയാൻ സനത് ജയസൂര്യ

കൊളംബോ: ട്വന്റി-20 ലോകകപ്പിലെ സൂപ്പർ-8 ഘട്ടത്തിലെ മോശം പ്രകടനത്തിന് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ സനത് ജയസൂര്യ രാജിവയ്ക്കുന്നു. സൂപ്പർ 8-ൽ ഒരു മത്സരം പോലും ജയിക്കാനാവാതെ ടീം പുറത്തായതിന് പിന്നാലെയാണ് മുൻ നായകൻ കൂടിയായ ജയസൂര്യയുടെ പ്രഖ്യാപനം. പാകിസ്ഥാനെതിരായ അവസാന മത്സരത്തിൽ അഞ്ച് റൺസിന്റെ തോൽവിയാണ് ശ്രീലങ്ക വഴങ്ങിയത്. മറ്റൊരാൾക്ക് വഴിമാറിക്കൊടുക്കാൻ സമയമായെന്ന് ജയസൂര്യ പ്രതികരിച്ചു. ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ തന്നെ ഇക്കാര്യത്തിൽ സൂചന നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇഎസ്പിഎൻക്രിക്ഇൻഫോയോട് സംസാരിക്കവെയാണ് ജയസൂര്യ ഇക്കാര്യം അറിയിച്ചത്.
‘ഈ സ്ഥാനം മറ്റാരെയെങ്കിലും ഏൽപ്പിക്കാൻ സമയമായെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടാണ് രണ്ട് മാസം മുൻപേ ഇംഗ്ലണ്ട് പരമ്പര നടക്കുമ്പോൾ തന്നെ പരിശീലക സ്ഥാനം അധികകാലം തുടരാൻ താല്പര്യമില്ലെന്ന് ഞാൻ പറഞ്ഞത്. അന്ന് തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നു. ഈ ലോകകപ്പോടെ നല്ല നിലയിൽ പരിശീലക സ്ഥാനം ഒഴിയാമെന്നാണ് ഞാൻ കരുതിയത്. പക്ഷേ കാര്യങ്ങൾ വിചാരിച്ചതുപോലെ നടന്നില്ല, അതിൽ എനിക്ക് നല്ല വിഷമമുണ്ട്. ജൂൺ വരെയാണ് എന്റെ കരാർ. ഇക്കാര്യം ഔദ്യോഗികമായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിട്ടില്ല. ഇങ്ങനെയൊരു കാര്യം പറയാൻ പോകുന്ന വിവരം അവർക്കറിയില്ല. എനിക്ക് അവരുമായി സംസാരിക്കേണ്ടതുണ്ട്. എനിക്ക് പകരം മറ്റൊരാളെ കണ്ടെത്താൻ കഴിയുമെങ്കിൽ തീർച്ചയായും അത് ചെയ്യട്ടെ.’- സനത് ജയസൂര്യ പറഞ്ഞു.
സൂപ്പർ 8-ലെ അവസാന മത്സരത്തിൽ പാകിസ്ഥാനെതിരെ നായകൻ ദസുൻ ഷനക നടത്തിയ തകർപ്പൻ പ്രകടനം ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചെങ്കിലും പാകിസ്ഥാൻ ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 206 റൺസെടുക്കാനേ സാധിച്ചുള്ളൂ. 31 പന്തിൽ എട്ട് സിക്സറുകളും രണ്ട് ഫോറുമടക്കം 76 റൺസുമായി ഷനക പുറത്താകാതെ നിന്നു. ഷഹീൻ അഫ്രീദി എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 28 റൺസ് വേണമായിരുന്നു. ആദ്യ അഞ്ച് പന്തിൽ മൂന്ന് സിക്സറും ഒരു ഫോറുമടക്കം ഷനക അടിച്ചു കൂട്ടി. അവസാന പന്തിൽ ജയിക്കാൻ ആറ് റൺസ് വേണമെന്നിരിക്കെ, വൈഡ് എന്ന് കരുതി ഷനക പന്ത് വിട്ടുകളഞ്ഞു. എന്നാൽ അമ്പയർ വൈഡ് അനുവദിക്കാത്തത് ശ്രീലങ്കയ്ക്ക് തിരിച്ചടിയായി.
ശ്രീലങ്കയെ തോൽപ്പിച്ചെങ്കിലും റൺറേറ്റ് അടിസ്ഥാനത്തിൽ പാകിസ്ഥാൻ ടൂർണമെന്റിൽ നിന്നും പുറത്തായി. ഗ്രൂപ്പ് രണ്ടിൽ നിന്ന് ഇംഗ്ലണ്ടും ന്യൂസിലൻഡും സെമി ഫൈനലിലേക്ക് യോഗ്യത നേടി. പാകിസ്ഥാന് സെമിയിലെത്തണമെങ്കിൽ ശ്രീലങ്കയെ 147 റൺസിൽ താഴെ തളയ്ക്കണമായിരുന്നു. എന്നാൽ ഷനകയുടെ ഇന്നിംഗ്സ് പാകിസ്ഥാന്റെ മുന്നോട്ടുള്ള കുതിപ്പിനെ തകർക്കുകയായിരുന്നു. ഗ്രൂപ്പ് രണ്ടിൽ നിന്ന് ഇംഗ്ലണ്ടും ന്യൂസിലൻഡും സെമി ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു.
Source link



