അല്ലു അർജുന്റെ ഹാപ്പിക്ക് 20 വയസ്

ആരാധകരുടെ സ്വന്തം ബണ്ണി തെന്നിന്ത്യൻ താരരാജാവ് അല്ലു അർജുൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം ’ഹാപ്പി” റിലീസായിട്ട് 20 വർഷം . തെലുങ്ക് നടനാണെങ്കിലും അല്ലുവിന് കേരളത്തിൽ നിരവധി ആരാധകരെ നേടിക്കൊടുത്തത് ‘ആര്യ”യ്ക്ക് ശേഷം എത്തിയ ഹാപ്പി ആയിരുന്നു. അതുപോലെ തന്നെ മലയാളത്തിലെ മൊഴിമാറ്റ ചിത്രങ്ങളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സിനിമകളായിരുന്നു അല്ലു അർജുന്റേത്. അങ്ങനെ മലയാളികളുടെ സ്വന്തം മല്ലു അർജുനായി മാറി.
‘ഹാപ്പി എന്റെ യാത്രയിലെ ഏറ്റവും ആസ്വാദ്യകരമായ ചിത്രങ്ങളിൽ ഒന്നാണ്. ഈ യാത്ര മനോഹരമാക്കിയ എല്ലാ കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.”, ഹാപ്പി ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് അല്ലു അർജുൻ കുറിച്ചു.
സിനിമയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഏവർക്കും താരം നന്ദി രേഖപ്പെടുത്തി. ഹാപ്പിയെ മനസ്സിൽ കണ്ട സംവിധായകൻ എ. കരുണാകരനോടും സഹതാരം ജനീലിയ ഡിസൂസ, മികച്ച പ്രകടനം കാഴ്ചവച്ച മനോജ് ബാജ്പേയ് എന്നിവരോടും ഹൃദയസ്പർശിയായ ഗാനങ്ങൾ ഒരുക്കിയ യുവാൻ ശങ്കർ രാജയോടും നന്ദി രേഖപ്പെടുത്തി. ചിത്രത്തിന് കരുത്തായി നിന്ന പിതാവ് അല്ലു അരവിന്ദിനും ഗീതാ ആർട്സിനും നന്ദി അറിയിച്ചു.
2006 ൽ പുറത്തിറങ്ങിയ ഹാപ്പിയിലെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. അല്ലു അർജുൻ തരംഗം ഏറ്റവും ഒടുവിൽ ’പുഷ്പ” യിലും ’പുഷ്പ 2”വിലും വരെ എത്തി . സിനിമാ ലോകത്ത് 22 വർഷങ്ങൾ പിന്നിട്ടിരിക്കുകയുമാണ് അല്ലു അർജുൻ. ലോകേഷ് കനകരാജിനൊപ്പം അല്ലു അർജുൻ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം എഎ23-യ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധക ലോകം.
Source link



