LATEST

അരുണാചലിലെ യുവതികൾക്കു നേരെ വംശീയാധിക്ഷേപം: ദമ്പതികൾ അറസ്റ്റിൽ

പരസ്യമായി മാപ്പുപറ‌ഞ്ഞ് ദമ്പതികൾ

ന്യൂഡൽഹി: ഡൽഹിയിൽ അരുണാചൽ പ്രദേശിലെ യുവതികൾക്കു നേരെ വംശീയാധിക്ഷേപം നടത്തിയ ദമ്പതികൾ അറസ്റ്റിൽ. വ്യാപക പ്രതിഷേധമുയർന്നതിനു പിന്നാലെയാണ് മാളവ്യ നഗറിലെ ഹർഷ് സിംഗ്,ഭാര്യ റൂബി ജെയ്ൻ എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 20നായിരുന്നു സംഭവം. യുവതികളുടെ ഫ്ലാറ്റിൽ ഇലക്ട്രിക്കൽ പണി നടക്കുന്നതിനിടെ അവിടെ നിന്നു പൊടിപടലങ്ങൾ അയൽപക്കത്തെ വീട്ടിനകത്തെത്തി. ഇതേ ചൊല്ലി വഴക്കു നടക്കുന്നതിനിടെ ദമ്പതികൾ വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്നുള്ള യുവതികൾക്കു നേരെ കടുത്ത വംശീയ അധിക്ഷേപം നടത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും, ദൃക്‌സാക്ഷികളുടെ മൊഴിയും അടക്കം പരിശോധിച്ചാണ് അറസ്റ്ര് രേഖപ്പെടുത്തിയത്. പട്ടികവിഭാഗത്തിനു നേർക്കുള്ള അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും ചുമത്തി. അഡിഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ദമ്പതികളെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്‌തു. അതേസമയം, ആ സമയത്തെ ചൂടിൽ പറഞ്ഞതാണെന്ന് വ്യക്തമാക്കി ദമ്പതികൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളോട് പരസ്യമായി മാപ്പുപറഞ്ഞു. സംഭവത്തെ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത അപലപിച്ചു.

വച്ചുപൊറുപ്പിക്കില്ല

വടക്കുകിഴക്കൻ സംസ്ഥാനത്തിൽ നിന്നുള്ളവർക്ക് നേരെയുള്ള വംശീയ ആക്രമണങ്ങളെ ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. അത്തരം സംഭവങ്ങളെ കേന്ദ്രസർക്കാർ അതീവഗൗരവത്തോടെ സമീപിക്കും.


Source link

Related Articles

Back to top button