LATEST

‘അമ്മയാണേ സത്യം, 16-ാം വയസിലെ ആനിയുടെ കാര്യമാ പറയുന്നേ’, നടിയുമായുള്ള ആത്മബന്ധം വെളിപ്പെടുത്തി ഗായിക മഞ്ജു തോമസ്

മലയാളികളുടെ ഇഷ്ട നായിക ആനിയുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചുമുള്ള അനുഭവങ്ങളുമായി ഗായിക മഞ്ജു തോമസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ച കഥയാണ് ശ്രദ്ധേയമാകുന്നത്. നടി ആനിക്കൊപ്പമുള്ള പഴയ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് മഞ്ജു ആ കഴിഞ്ഞ കാലത്തിന്റെ മധുര സ്മരണകൾ ഓർത്തെടുത്തത്.


ആനിയുടെ അടുത്ത ബന്ധുവാണ് മഞ്ജു. കുട്ടിക്കാലത്ത്, സുഹൃത്തുക്കളോട് താൻ ആനിയുടെ ബന്ധുവാണെന്ന് അഭിമാനത്തോടെ പറഞ്ഞുനടന്നതിന്റെ സന്തോഷത്തെക്കുറിച്ചും മഞ്ജു ഓർക്കുന്നു. ബന്ധുക്കൾ വീട്ടിലെത്തുമ്പോൾ തികച്ചും സാധാരണക്കാരിയായ ഒരു സഹോദരിയെപ്പോലെ എല്ലാവരുമായി സംസാരിച്ചിരിക്കുന്ന ആനിയുടെ വിശേഷങ്ങളും അവർ പങ്കുവച്ചു. പഴയ ചിത്രങ്ങൾ കണ്ടപ്പോഴാണ് ഓർമ്മകളെല്ലാം മനസ്സിൽ തെളിഞ്ഞുവന്നതെന്നും മഞ്ജു തോമസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

മഞ്ജുതോമസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ച പോസ്റ്റ് വായിക്കാം

‘അമ്മയാണേ സത്യം! ഇത് ഒരു ‘ചിത്ര’കഥയാണ്! ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു എന്റെ അമ്മയുടെ ഫസ്റ്റ് കസിൻ സോഫിയാന്റിയുടെ കല്യാണം. കല്യാണാലോചന വന്നപ്പോഴേ കുടുംബത്തിൽ ചർച്ചയായ ഒരു വ്യക്തി, ചെക്കന്റെ ചേട്ടന്റെ മകളായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുന്ന ആ കുട്ടിയെ ബാലചന്ദ്രമേനോന്റെ പുതിയ സിനിമയിൽ അഭിനയിക്കാൻ വിളിച്ചിട്ടുണ്ടെന്ന്!! കുട്ടിയുടെ പേര് ആനി. വീട്ടിൽ വിളിക്കുന്നത് ചിത്ര എന്നാണത്രേ.

എന്നെപ്പോലെ ഒരു ടീനേജ് പെൺകുട്ടിക്ക് ആനന്ദലബ്ധിക്കിനിയെന്ത് വേണ്ടൂ. പഠിക്കുന്ന ക്ലാസ്സിലും കൂട്ടുകാരുടെയിടെയിലും ഒക്കെ ന്യൂസ് പരന്നു. മഞ്ജു തോമസിന്റെ കസിൻ ആണ് അമ്മയാണേ സത്യത്തിലെ നായിക ആനി. പിന്നീടങ്ങോട്ട് ചിത്രച്ചേച്ചിയുടെ ഉയർച്ചയിൽ ഞങ്ങളെല്ലാവരും ഏറെ അഭിമാനിച്ചു. ചേച്ചിയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ ഫോട്ടോസൊക്കെ ഫ്രണ്ട്സിനെ കാണിച്ച് കുറേ ഷൈൻ ചെയ്തിട്ടുണ്ട് അന്നൊക്കെ.

ഇത്രയും നക്ഷത്രത്തിളക്കത്തിൽ നിൽക്കുമ്പോഴും, ഞങ്ങൾ ബന്ധുക്കൾ അവരുടെ വീട്ടിൽ ചെന്നാൽ ഒരു സാധാരണ കുട്ടിയെ പോലെ ഞങ്ങളോടൊക്കെ മിണ്ടിപ്പറഞ്ഞിരിക്കുമായിരുന്നു. ഓരോ തവണ പോകുമ്പോഴും ചിത്രച്ചേച്ചിയുടെ വക എന്തെങ്കിലും ഒരു ഡെസേർട്ട് ചേച്ചി വിളമ്പുമായിരുന്നു. (16 വയസ്സുള്ള ആനിയുടെ കാര്യമാണ് പറയുന്നത് കേട്ടോ) കുടുംബത്തിനുള്ളിലും പുറത്തുള്ളവർക്കും മോശമായി പറയാൻ ഒന്നുതന്നെ ഉണ്ടായിരുന്നില്ല, അന്നും ഇന്നും. ഞങ്ങളുടെ കുടുംബത്തിലുള്ള മിക്ക കല്യാണങ്ങൾക്കും ചേച്ചി ഒരു താരസാന്നിധ്യമായിരുന്നു. എനിക്ക് പണ്ടേ ഫോട്ടോ ഒരു വീക്ക്‌‌നസ് ആയതുകൊണ്ട് എപ്പോൾ കണ്ടാലും ചേച്ചിയുടെ കൂടെ ഫോട്ടോ എടുക്കുമായിരുന്നു.

1) എട്ടാം ക്ലാസ്സിൽ വച്ച് ചിത്രച്ചേച്ചി അമ്മയാണെ സത്യത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ സമയത്ത് എന്റെ വീട്ടിൽ വന്നപ്പോൾ എടുത്തതാണ്
2) ഞാൻ പ്രീഡിഗ്രീ ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ ട്രിവാൻഡ്രം ലൂർദ് പള്ളിയിൽ വച്ച് ഒരു കല്യാണത്തിന് കണ്ടപ്പോൾ എടുത്തത്.
3) എന്റെ കല്യാണത്തിന്, ചേച്ചിയും മോനും.
4) 2019 ൽ മറ്റൊരു കല്യാണത്തിന് കണ്ടപ്പോൾ.കൂടെയുള്ളത് എന്റെ മകനാണ്
ഇതിലെ ഹൈലൈറ്റ്- ഈ 32 വർഷങ്ങളിൽ ചേച്ചിയുടെ സ്നേഹത്തിനും സൗഹൃദത്തിനും ഒരു കുറവും വന്നിട്ടില്ല എന്നതാണ്. ഇന്ന് പഴയ ഫോട്ടോസ് കണ്ടപ്പോൾ ഇതൊക്കെ ഓർമ വന്നു. നിങ്ങളോട് ഷെയർ ചെയ്യണമെന്ന് തോന്നി.’ മഞ്ജു ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.



Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button