അമേരിക്കയിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: അമേരിക്കയിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ന്യൂയോർക്കിലെ അൽബാനിയയിൽ വ്യാഴാഴ്‌ച രാവിലെയായിരുന്നു അപകടം. തെലങ്കാന ജങ്കാവ് ജില്ലക്കാരിയായ സഹജ റെഡ്ഡി ഉദുമല എന്ന 24 കാരിയാണ് മരിച്ചത്. അയൽപ്പക്കത്തെ കെട്ടിടത്തിലുണ്ടായ തീ പെട്ടെന്ന് സഹജ താമസിച്ച കെട്ടിടത്തിലേക്ക് പടരുകയായിരുന്നു. ഈ സമയം യുവതി ഉറക്കത്തിലായിരുന്നതിനാൽ പെട്ടെന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നാണ് പ്രാഥമിക വിവരം. യുവതിയുടെ ശരീരത്തിൽ തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. എക്‌സിൽ പങ്കുവച്ച പോസ്റ്റിലൂടെ മരണം സ്ഥിരീകരിച്ച ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അനുശോചനം രേഖപ്പെടുത്തി.
യുവതിയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാദ്ധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും കോൺസുലേറ്റ് അറിയിച്ചു. ഹൈദരാബാദിൽ ടിസിഎസിൽ ജീവനക്കാരനായ ഉദുമുല ജയകർ റെഡ്ഡി, സർക്കാർ പ്രൈമറി സ്കൂൾ അധ്യാപികയായ ഗോപുമാരിയ ഷൈലജ ദമ്പതികളുടെ മൂത്ത മകളാണ് സഹജ റെഡ്ഡി . 2021ൽ ഉന്നത പഠനത്തിനായാണ് യുവതി അമേരിക്കയിലെത്തിയത്. പഠനം പൂർത്തിയാക്കി മകൾ വൈകാതെ വീട്ടിലേക്ക് മടങ്ങി വരുമെന്ന പ്രതീക്ഷയിലായിൽ കഴിയുന്നതിനിടെയാണ് സഹജയുടെ മരണവിവരം കുടുംബം അറിയുന്നത്. യുവതിയുടെ മൃതദേഹം നാട്ടിലേക്ക് തിരികെ എത്തിക്കുന്നതിനായി അവർ സർക്കാർ സഹായം തേടിയിട്ടുണ്ട്.
സഹജയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ യാത്രാചെലവുകൾ, കുടുംബത്തിന് സഹായം എന്നീ ആവശ്യങ്ങൾക്കായി അമേരിക്കയിൽ സുഹൃത്തുക്കൾ ചേർന്ന് ധനസമാഹരണവും നടത്തുന്നുണ്ട്.
Source link



