അബുദാബിയിൽ 45പേർ അറസ്റ്റിൽ, കടുത്ത ശിക്ഷയെന്ന് മുന്നറിയിപ്പ്; താമസക്കാർ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം

അബുദാബി: ഗൾഫ് മേഖലയിൽ സംഘർഷസാഹചര്യം തുടരുന്നതിനിടെ സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന ദൃശ്യങ്ങളും പ്രചരിപ്പിച്ച 45പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തരം പോസ്റ്റുകൾ പൊതുജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കാനും തെറ്റായ വാർത്തകൾ പ്രചരിക്കാനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിച്ചതായി അബുദാബി പൊലീസ് സ്ഥിരീകരിച്ചു. വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കാനായി സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നത് രാജ്യത്തെ നിയമങ്ങളുടെ ലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി.വിവരങ്ങളുടെ ഉറവിടം കൃത്യമാണെന്ന് പരിശോധിക്കണമെന്നും സ്ഥിരീകരിക്കാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ഉദ്യോഗസ്ഥർ നിർദേശിച്ചു. വിശ്വസനീയമല്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് സമൂഹത്തിന്റെ സുരക്ഷയെ ദോഷകരമായി ബാധിക്കുമെന്നും സുരക്ഷാ ഏജൻസികളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.ഔദ്യോഗിക സ്രോതസുകളിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കണമെന്ന് പൊലീസ് താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ പ്രവർത്തനങ്ങളെയും പൊതുജന സുരക്ഷയെയും ബാധിക്കുമെന്നതിനാൽ സംഭവസ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതും അവ പങ്കുവയ്ക്കുന്നതും ഒഴിവാക്കണം. സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ പൊലീസ് കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും പൊലീസ് ഓർമിപ്പിച്ചു.
Source link

