അന്ന് രാജസ്ഥാന്റെ ബെഞ്ചിലിരുന്ന പയ്യൻ, ഇന്ന് 16,660 കോടി മൂല്യമുള്ള ടീം മേധാവി; ആര്യമാന്റേത് സിനിമയെ വെല്ലും കഥ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു അധ്യായത്തിനാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു സാക്ഷ്യം വഹിച്ചിരിക്കുന്നത്. 1.78 ബില്യൺ ഡോളർ (ഏകദേശം 16,660 കോടി രൂപ) മൂല്യമുള്ള റെക്കോർഡ് ഇടപാടിലൂടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഉടമസ്ഥാവകാശം ഒരു വൻകിട കൺസോർഷ്യം ഏറ്റെടുക്കുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് ഒരു പുതു മുഖത്തിലേക്കാണ്… ആര്യമാൻ വിക്രം ബിർള. ഒരുകാലത്ത് രാജസ്ഥാൻ റോയൽസിന്റെ ജഴ്സിയണിഞ്ഞ് ഐപിഎൽ ഡഗ്ഔട്ടിലിരുന്ന ഒരു യുവതാരം, ഇന്ന് അതേ ലീഗിലെ ഏറ്റവും ജനപ്രീതിയുള്ള ടീമുകളിലൊന്നിന്റെ ചെയർമാനായി തിരിച്ചെത്തുന്നു എന്നത് ഒരു സിനിമാക്കഥയെ വെല്ലുന്ന സംഭവമാണ്. ശതകോടീശ്വരൻ കുമാർ മംഗളം ബിർളയുടെ മകൻ എന്ന മേൽവിലാസത്തിനപ്പുറം സ്വന്തം വ്യക്തിത്വം തെളിയിക്കാൻ പോരാടിയ ഒരു കായികതാരത്തിന്റെ വേഷപ്പകർച്ചയാണിത്.
∙ ആരാണ് ആര്യമാൻ ബിർള?
ആദിത്യ ബിർള ഗ്രൂപ്പിന്റെ അമരക്കാരൻ കുമാർ മംഗലം ബിർളയുടെയും നീരജ ബിർളയുടെയും മകനായി ജനിച്ച ആര്യമാൻ ബിസിനസ് സാമ്രാജ്യത്തിന്റെ പാരമ്പര്യത്തോടൊപ്പം തന്നെ കായികലോകത്തോടുള്ള അഭിനിവേശവും കാത്തുസൂക്ഷിച്ചിരുന്നു. മുംബൈയിൽ ജനിച്ച വളർന്ന അദ്ദേഹം തന്റെ കരിയറിന്റെ ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തത് കോർപറേറ്റ് ഓഫിസുകളായിരുന്നില്ല, മറിച്ച് ക്രിക്കറ്റ് പിച്ചുകളായിരുന്നു. തന്റെ കുടുംബപ്പേര് നൽകുന്ന ആനുകൂല്യങ്ങളിൽ അഭിരമിക്കാതെ, കഠിനാധ്വാനത്തിലൂടെ സ്വന്തമായൊരു പാത വെട്ടിത്തെളിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഇതിനായി പതിനേഴാം വയസ്സിൽ മുംബൈ വിട്ട് മധ്യപ്രദേശിലേക്ക് കുടിയേറാനും അദ്ദേഹം തയാറായി. അവിടെ ഒരു സാധാരണ ക്രിക്കറ്ററെപ്പോലെ ഹോസ്റ്റലുകളിൽ താമസിച്ച്, താഴേത്തട്ടിൽ നിന്ന് അദ്ദേഹം തന്റെ കരിയർ കെട്ടിപ്പടുത്തു.
∙ ക്രിക്കറ്റിലെ പോരാട്ടവീര്യം, മധ്യപ്രദേശ് മുതൽ ഐപിഎൽ വരെ
ആര്യമാന്റെ ക്രിക്കറ്റ് ജീവിതം കേവലം ഒരു വിനോദമായിരുന്നില്ല. ഗൗരവകരമായ സമീപനത്തോടെ അദ്ദേഹം ക്രിക്കറ്റിനെ സമീപിച്ചു. 2017ലാണ് ആര്യമാൻ മധ്യപ്രദേശിന് വേണ്ടി രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനു മുൻപ് സി.കെ. നായിഡു ട്രോഫിയിൽ (അണ്ടർ-23) ഒൻപത് ഇന്നിങ്സുകളിൽ നിന്ന് 75.25 ശരാശരിയിൽ 602 റൺസ് അടിച്ചുകൂട്ടിക്കൊണ്ട് അദ്ദേഹം സിലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആര്യമാന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും തിളക്കമാർന്ന നിമിഷം ബംഗാളിനെതിരെ ഈഡൻ ഗാർഡനിൽ നേടിയ കന്നി ഫസ്റ്റ് ക്ലാസ് സെഞ്ചറിയാണ്. പ്രതിസന്ധി ഘട്ടത്തിൽ മധ്യപ്രദേശിനെ തോൽവിയിൽനിന്ന് രക്ഷിച്ച ആ ഇന്നിങ്സ് അദ്ദേഹത്തിന്റെ സാങ്കേതിക തികവിനും മാനസിക കരുത്തിനും തെളിവായിരുന്നു.
∙ ഐപിഎൽ സ്വപ്നങ്ങൾ
2018ലെ ഐപിഎൽ ലേലത്തിൽ 30 ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് ആര്യമാനെ സ്വന്തമാക്കി. രണ്ട് സീസണുകളിൽ ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചില്ല. എങ്കിലും, ലോകോത്തര താരങ്ങൾക്കൊപ്പം ഡ്രസിങ് റൂം പങ്കിട്ടത് അദ്ദേഹത്തിന് വലിയ അനുഭവസമ്പത്തായി. രസകരമായ വസ്തുത, ഇന്നത്തെ ആർസിബി ക്യാപ്റ്റൻ രജത് പാട്ടിദാർ, ഓൾറൗണ്ടർ വെങ്കിടേഷ് അയ്യർ എന്നിവർ അന്ന് മധ്യപ്രദേശ് ടീമിൽ ആര്യമാന്റെ സഹതാരങ്ങളായിരുന്നു എന്നതാണ്. ഐപിഎല്ലിൽ രാജസ്ഥാനിൽ സഞ്ജു സാംസന്റെ സഹതാരം കൂടിയായിരുന്നു അദ്ദേഹം.
∙ അപ്രതീക്ഷിത പിന്മാറ്റം
കരിയർ വളർച്ചയുടെ പാതയിലായിരിക്കെ, 2019 ഡിസംബറിലാണ് ആര്യമാൻ ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല അവധിയെടുക്കുന്നതായി പ്രഖ്യാപിച്ചത്. കടുത്ത ഉത്കണ്ഠ മൂലമാണ് ഈ തീരുമാനമെടുക്കുന്നതെന്നാണ് അന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്. തന്റെ മാനസികാരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ട് അദ്ദേഹം എടുത്ത ആ തീരുമാനം വലിയ ചർച്ചയായി. ‘നമ്മുടെ മാനസികാരോഗ്യം ഏറ്റവും പ്രധാനമാണ്. അത് തിരിച്ചറിയാനും അതിനു വേണ്ട ചികിത്സ തേടാനും മടിക്കരുത്,’ എന്ന വലിയ സന്ദേശമാണ് അദ്ദേഹം കായികലോകത്തിന് നൽകിയത്. ഒരു വലിയ ബിസിനസ് കുടുംബത്തിലെ അംഗമായ ആര്യമാന്റെ ഈ തുറന്നുപറച്ചിൽ സമൂഹത്തിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാൻ സഹായിച്ചു.
∙ വിദ്യാഭ്യാസവും ബിസിനസ്സിലേക്കുള്ള ചുവടുമാറ്റവും
ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന കാലയളവിൽ ആര്യമാൻ തന്റെ ശ്രദ്ധ വിദ്യാഭ്യാസത്തിലേക്കും കുടുംബ ബിസിനസ്സിലേക്കും തിരിച്ചു. മികച്ച വിദ്യാഭ്യാസ പശ്ചാത്തലം അദ്ദേഹത്തിന്റെ നേതൃപാടവത്തിന് കരുത്തേകി. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടിയ ശേഷം ലണ്ടനിലെ ബേയ്സ് ബിസിനസ് സ്കൂളിൽ നിന്ന് ഗ്ലോബൽ ഫിനാൻസിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കി. തുടർന്ന് ഹാർവഡ് ബിസിനസ്സ് സ്കൂളിൽ നിന്ന് എംബിഎ കരസ്ഥമാക്കി. തുടന്ന് ആദിത്യ ബിർള മാനേജ്മെന്റ് കോർപറേഷൻ ബോർഡിൽ അംഗമായ അദ്ദേഹം ഗ്രാസിം ഇൻഡസ്ട്രീസ്, ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ തുടങ്ങി മുൻനിര കമ്പനികളുടെ ഡയറക്ടർ സ്ഥാനവും വഹിക്കുന്നുണ്ട്. ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി സംരംഭങ്ങളിലും അദ്ദേഹം സജീവമാണ്.
∙ ആർസിബിയുടെ പുതുയുഗം
യുനൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിൽ നിന്ന് ആർസിബിയെ ഏറ്റെടുത്ത കൺസോർഷ്യത്തിൽ ആദിത്യ ബിർള ഗ്രൂപ്പിനൊപ്പം ബ്ലാക്ക്സ്റ്റോൺ, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബോൾട്ട് വെഞ്ച്വേഴ്സ് എന്നിവരുണ്ട്. ഈ വമ്പൻ ഡീലിന് പിന്നാലെയാണ് ആര്യമാൻ ബിർളയെ ചെയർമാനായി പ്രഖ്യാപിച്ചത്.
∙ എന്തുകൊണ്ട് ആര്യമാൻ?
ക്രിക്കറ്റ് പശ്ചാത്തലം തന്നെയാണ് പ്രധാന കാരണം. ഒരു പ്രഫഷനൽ ക്രിക്കറ്ററായിരുന്ന ഒരാൾ ടീമിന്റെ തലപ്പത്ത് വരുന്നത് ടീമിന്റെ തന്ത്രപരമായ നീക്കങ്ങൾക്കും താരങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കാനും സഹായിക്കും. ഐപിഎൽ പോലുള്ള ആധുനിക സ്പോർട്സ് ലീഗുകൾക്ക് യുവതലമുറയുടെ കാഴ്ചപ്പാടുകൾ അനിവാര്യമാണ്. നേരത്തേതന്നെ ബിസിനസ്സിൽ നിന്ന് ലഭിച്ച അറിവുകൾ ടീമിനെ സാമ്പത്തികമായി കൂടുതൽ കരുത്തുറ്റതാക്കാൻ സഹായിച്ചേക്കും.
∙ ‘പ്ലേ ബോൾഡ്’
‘ഈ പങ്കാളിത്തത്തിലൂടെ ആർസിബിയുടെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് നയിക്കാൻ സാധിക്കുന്നത് ഒരു പദവിയായി കാണുന്നു,’ എന്നാണ് ചുമതലയേറ്റ ശേഷം ആര്യമാൻ പ്രതികരിച്ചത്. കളിക്കളത്തിലും കമ്മ്യൂണിറ്റിയിലും ആരാധകരിലും ആർസിബിയുടെ ‘പ്ലേ ബോൾഡ്’ ശൈലി തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകുന്നു. കഴിഞ്ഞ സീസണിലെ ചാംപ്യന്മാരായ ആർസിബിക്ക് (ഡബ്ല്യുപിഎൽ കിരീടം ഉൾപ്പെടെ) പുതിയ ഉടമസ്ഥാവകാശത്തിന് കീഴിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സത്യാൻ ഗജ്വാനി (ടൈംസ് ഗ്രൂപ്പ്) വൈസ് ചെയർമാനായി എത്തുന്നതോടെ ഈ നേതൃനിര കൂടുതൽ ശക്തമാകും.
ആര്യമാൻ ബിർളയുടെ ജീവിതം ഒരു പാഠമാണ്. തന്റെ ആഗ്രഹങ്ങൾക്കായി കഠിനാധ്വാനം ചെയ്യാനും പ്രതിസന്ധിഘട്ടങ്ങളിൽ സ്വയം പിന്മാറി കരുത്ത് ആർജിക്കാനും അവസരം വരുമ്പോൾ പുതിയ മേഖലകളിൽ തിളങ്ങാനും അദ്ദേഹത്തിന് സാധിച്ചു. പണ്ട് രാജസ്ഥാൻ റോയൽസിന്റെ സൈഡ് ബെഞ്ചിലിരുന്ന ആ യുവാവ് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള ക്രിക്കറ്റ് ടീമുകളിലൊന്നിനെ നിയന്ത്രിക്കുമ്പോൾ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ വിജയത്തിനൊപ്പം ഇന്ത്യൻ ക്രിക്കറ്റിന്റെ തന്നെ പുതിയൊരു മുഖമാണ് അടയാളപ്പെടുത്തുന്നത്.‘പഴയ കളിക്കാരൻ, പുതിയ അമരക്കാരൻ’ – ആര്യമാൻ ബിർളയുടെ കീഴിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇനി ഏത് വിധത്തിലായിരിക്കും കളിക്കളത്തിൽ പടയോട്ടം നടത്തുക എന്നത് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.
Source link



