test del 5 copy of del 3
അന്ന് ‘ജനസംഘം ഹിന്ദുരാഷ്ട്രവാദികളല്ല’; ഇന്ന് ‘എസ്ഡിപിഐയെ നന്നാക്കാൻ പിന്തുണ’: സിപിഎമ്മിന്റെ ‘സ്വയം തിരുത്തൽ പാഠം’

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പു കാലത്ത്, 1977ൽ ജനസംഘത്തെ വാഴ്ത്തുകയും 2026ൽ എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്ന സിപിഎം സ്വന്തം നയങ്ങളെ തള്ളിപ്പറയുകയാണെന്നു രേഖകൾ. കാരിരുമ്പിനെക്കാൾ കരുത്തുള്ള തങ്ങളുടെ രാഷ്ട്രീയ നയത്തിൽനിന്ന് അണുവിട വിട്ടുവീഴ്ച ഇല്ലെന്നാണ് എക്കാലവും സിപിഎമ്മിന്റെ വാദം. അതിനെ ഇരുട്ടത്തു നിർത്തിക്കൊണ്ടാണു വർഗീയ, തീവ്ര സംഘടനകളെന്നു തങ്ങൾ തന്നെ മുദ്ര കുത്തിയ സംഘടനകളോടു സിപിഎം സമരസപ്പെടുന്നത്. ജനസംഘവുമായുള്ള ബന്ധത്തിന്റെ അര നൂറ്റാണ്ട് അകലത്തിൽ എസ്ഡിപിഐയുടെ വോട്ടുകളെ സ്വാഗതം ചെയ്യുകയാണിപ്പോൾ.പാലക്കാട്ടെ സിപിഎം സ്ഥാനാർഥി ടി.ശിവദാസ മേനോന്റെ തിരഞ്ഞെടുപ്പ് കൺവൻഷനിൽ, ജനസംഘം നേതാവും പിന്നീട് ബിജെപി ദേശീയ പ്രസിഡന്റുമായ എൽ.കെ.അഡ്വാനി ആയിരുന്നു പ്രധാന പ്രഭാഷകൻ. 1977 മാർച്ച് 3നായിരുന്നു ഇത്. പിറ്റേന്ന് ആർഎസ്എസ് ബന്ധമുള്ള, ബിജെപിയുടെ പൂർവ രൂപമായ ജനസംഘത്തെക്കുറിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ ലേഖനം പ്രസിദ്ധീകരിച്ചു. അതിൽ പറയുന്നത് ഇങ്ങനെ: ‘ജനസംഘം ഒരിക്കലും ഇവിടെ ഹിന്ദു രാഷ്ട്രം വേണമെന്നു വാദിച്ചിട്ടില്ല; ന്യൂനപക്ഷാവകാശങ്ങൾക്ക് എതിരായി വാദിച്ചിട്ടുമില്ല. കോൺഗ്രസാണ് അവരുടെമേൽ ഇതൊക്കെ കെട്ടിവച്ചത്.’ രാജ്യത്തെ വർഗീയ ലഹളകളുടെ പാപഭാരം കോൺഗ്രസ് സർക്കാരുകൾ ജനസംഘത്തിന്റെ തലയിൽ കെട്ടിവയ്ക്കുന്നതാണു പതിവെന്നും വിമർശിച്ചിട്ടുണ്ട്. ആർഎസ്എസും ജനസംഘവും തമ്മിലുള്ള ബന്ധം ഏറെക്കുറേ ജമാ അത്തെ ഇസ്‌ലാമിയും മുസ്‌ലിം ലീഗും തമ്മിലുള്ളതുപോലെയെന്നു ലേഖകൻ നിരീക്ഷിക്കുന്നുണ്ട്. ആർഎസ്എസിനെ കേരളത്തിൽ പ്രോത്സാഹിപ്പിച്ചിരുന്നത് എൻഎസ്എസ് സ്ഥാപകൻ മന്നത്ത് പത്മനാഭനാണെന്നും ലേഖകന്റെ വാദം. അടിയന്തരാവസ്ഥയ്ക്കു ശേഷം, കോൺഗ്രസിനെതിരെ ഉണ്ടായ രാഷ്ട്രീയ സഖ്യത്തിൽ ജനസംഘവും ഉൾപ്പെട്ടെന്നും ഇതിനെയാണു പിന്തുണച്ചതെന്നുമാണ് സിപിഎം ഇപ്പോൾ വിശദീകരിക്കുന്നത്. ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി 111 സീറ്റുകൾ നേടി. അഭിമന്യു വധത്തോടെയാണ് എസ്ഡിപിഐയോടു വിട്ടുവീഴ്ചയില്ലെന്ന് സിപിഎം പ്രഖ്യാപിക്കുന്നത്. ‘വർഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യം ഇപ്പോഴും എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഉയർത്തുന്നുമുണ്ട്. സിപിഎം കരടു രാഷ്ട്രീയ പ്രമേയത്തിൽ എസ്ഡിപിഐയെക്കുറിച്ചു പറയുന്നതിങ്ങനെ: ‘ജമാ അത്തെ ഇസ്‌ലാമി, എസ്ഡിപിഐ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ വിഭാഗം) തുടങ്ങിയ മുസ്‌ലിം മൗലികവാദികളും തീവ്രവാദ സംഘടനകളും മുസ്‌ലിംകൾക്കിടയിൽ സ്വാധീനം വ്യാപിപ്പിക്കാൻ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ, ന്യൂനപക്ഷങ്ങൾക്കിടയിലുള്ള സിപിഎമ്മിന്റെ സ്വാധീനം നിയന്ത്രിക്കാനാണ് അവർ ലക്ഷ്യമിടുന്നത്.’
Source link


