CINEMA

അഞ്ച് വര്‍ഷമായി വേദന, യുവതിയുടെ വയറ്റില്‍ നിന്ന് കത്രിക കണ്ടെത്തി

ആലപ്പുഴ: യുവതിയുടെ വയറ്റില്‍ നിന്ന് കത്രിക കണ്ടെത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അഞ്ച് വര്‍ഷം മുമ്പ് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം കത്രിക വയറ്റിനുള്ളില്‍ വച്ച് തുന്നിക്കെട്ടുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി യുവതിക്ക് സ്ഥിരം വയറ് വേദനയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തിയപ്പോഴാണ് കത്രികയും ചേര്‍ത്ത് തുന്നലിട്ടത്. പുന്നപ്ര സ്വദേശി ഉഷ ജോസഫിന്റെ വയറ്റില്‍ നിന്നാണ് കത്രിക കണ്ടെത്തിയത്.

ഗര്‍ഭപാത്രത്തില്‍ കണ്ടെത്തിയ മുഴ നീക്കം ചെയ്യുന്നതിനായി 2021 മേയ് അഞ്ചിനാണ് ഉഷ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയയായത്. മുഴ നീക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും ഇവര്‍ക്ക് നിരന്തരം വയറ് വേദന അനുഭവപ്പെട്ടിരുന്നു. പെയിന്‍ കില്ലര്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കഴിച്ചാണ് ഉഷ ജീവിതം മുന്നോട്ട് കൊണ്ട് പോയത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഇത്രയും വലിയ അനാസ്ഥയുണ്ടായ സാഹചര്യത്തില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ഉഷയും കുടുംബും.

ശസ്ത്രക്രിയക്ക് ശേഷവും കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ഉഷ ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍ മൂത്രത്തില്‍ കല്ലാണ് എന്ന് പറഞ്ഞ് മടക്കി അയക്കുകയാണ് ആശുപത്രി അധികൃതര്‍ ചെയ്തത്. സ്വകാര്യ ലാബില്‍ പോയി നടത്തിയ പരിശോധനയിലാണ് വയറ്റിനുള്ളില്‍ കത്രികയുണ്ടെന്ന് കണ്ടെത്തിയത്. വയറ്റില്‍ കത്രിക കണ്ടെത്തിയതിന് പിന്നാലെ തിങ്കളാഴ്ച ശസ്ത്രക്രിയ ചെയ്ത് കത്രിക പുറത്തെടുക്കാമെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വണ്ടാനത്തേക്ക് ശസ്ത്രക്രിയയ്ക്ക് പോകാന്‍ ഭയമെന്നാണ് ചികിത്സാപിഴവിന് ഇരയായ ഉഷ പറയുന്നത്.


Source link

Related Articles

Back to top button