അഞ്ച് എംഎല്‍എമാരും വീണ്ടും ജനവിധി തേടും; പാലായില്‍ ജോസ്, കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം. മന്ത്രി റോഷി അഗസ്റ്റിന്‍ ഉള്‍പ്പെടെുള്ള അഞ്ച് സിറ്റിംഗ് എംഎല്‍എമാരും സിറ്റിംഗ് മണ്ഡലങ്ങളില്‍ മത്സരിക്കും. 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ അഭിമാന മണ്ഡലമായ പാലാ തിരിച്ചുപിടിക്കാന്‍ ജോസ് കെ മാണി തന്നെയാണ് രംഗത്തിറങ്ങുന്നത്. 2021ല്‍ 15,378 വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ ജോസിനെ പരാജയപ്പെടുത്തിയത്.പാലായില്‍ വീണ്ടും ജോസ് കെ മാണി, മാണി സി കാപ്പന്‍ പോരാട്ടമാണ് നടക്കുക. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ഷോണ്‍ ജോര്‍ജ് ആണ്. അതുകൊണ്ട് തന്നെ ശക്തമായ ത്രികോണ മത്സരത്തിനാകും പാലാ മണ്ഡലം ഇത്തവണ സാക്ഷ്യം വഹിക്കുക. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കിയില്‍ നിന്ന് വീണ്ടും മത്സരിക്കും. എല്‍ഡിഎഫിലെ ആദ്യത്തെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം റോഷിയുടേതായിരുന്നു. വികസന മുന്നേറ്റ ജാഥയ്‌ക്കൊടുവില്‍ കഴിഞ്ഞയാഴ്ച തന്നെ ജോസ് കെ മാണി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.മറ്റ് സിറ്റിംഗ് എംഎല്‍എമാരായ എന്‍ ജയരാജ് കാഞ്ഞിരപ്പള്ളി, ജോബ് മൈക്കിള്‍ ചങ്ങനാശ്ശേരി, സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ പൂഞ്ഞാര്‍, പ്രമോദ് നാരായണന്‍ റാന്നി എന്നിവിടങ്ങളില്‍ നിന്നും ജനവിധി തേടും. ചാലക്കുടിയില്‍ അഡ്വക്കേറ്റ് ബിജു ചിറയത്ത്, തൊടുപുഴയില്‍ സിറിയക് ചാഴിക്കാടന്‍, പിറവത്ത് സാബു കെ ജേക്കബ്, ഇരിക്കൂറില്‍ മാത്യു കുന്നപ്പള്ളി, കടുത്തുരുത്തിയില്‍ നിര്‍മ്മല ജിമ്മി, പെരുമ്പാവൂരില്‍ ബേസില്‍ പോള്‍ എന്നിവരും മത്സരിക്കും.
Source link

