അഞ്ചലിൽ കോൺഗ്രസ് – സി.പി.എം സംഘർഷം; ഒരാൾക്ക് പരിക്ക്

അഞ്ചൽ : പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതിനെച്ചൊല്ലി അഞ്ചലിൽ കോൺഗ്രസ് – സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിനിടെ മർദ്ദനമേറ്റ ഒരു സി.പി.എം പ്രവർത്തകനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ച മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഫ്‌ളക്സ് ബോർഡുകൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രകടനത്തിനിടെയാണ് ആദ്യഘട്ട സംഘർഷമുണ്ടായത്. പൊലീസുകാർ കുറവായിരുന്ന സമയത്തുണ്ടായ ഉന്തിലും തള്ളിലുമാണ് സി.പി.എം പ്രവർത്തകന് പരിക്കേറ്റത്. പിന്നീട് കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. ഇതിനുശേഷം കോൺഗ്രസ് ജാഥ ചന്തമുക്കിലേക്ക് നീങ്ങുന്നതിനിടെ, കെ.എസ്.ആർ.ടി.സി ബസുകളിൽ പതിപ്പിച്ചിരുന്ന മുഖ്യമന്ത്രിയുടെ ചിത്രമടക്കമുള്ള പരസ്യങ്ങൾ പ്രവർത്തകർ വലിച്ചുകീറി. കോൺഗ്രസ് ജാഥ ചന്തമുക്കിൽ എത്തിയതോടെ എതിർദിശയിൽ നിന്ന് സി.പി.എം പ്രവർത്തകരും പ്രതിഷേധ പ്രകടനവുമായി എത്തിയത് വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇരുവിഭാഗവും മുഖാമുഖം വന്നതോടെ പോലീസ് വാഹനങ്ങൾ റോഡിന് കുറുകെയിട്ടാണ് വലിയ സംഘർഷം ഒഴിവാക്കിയത്.
കോൺഗ്രസ് പ്രകടനത്തിന് കെ.പി.സി.സി ജനറൽ സെക്രട്ടറി സൈമൺ അലക്സ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഏരൂർ സുഭാഷ്, പി.ബി. വേണുഗോപാൽ, ബ്ലോക്ക് പ്രസിഡന്റ് സി.ജെ. ഷോം, ബി. സേതുനാഥ്, ഷെറിൻ അഞ്ചൽ, തൗഫീഖ് തടിക്കാട് എന്നിവർ നേതൃത്വം നൽകി. സി.പി.എം പ്രതിഷേധ പ്രകടനത്തിന് ഏരിയ കമ്മിറ്റി നേതാക്കളായ വി.എസ്. സതീശ്, ജി. പ്രമോദ്, ഷൈൻ ബാബു എന്നിവർ നേതൃത്വം നൽകി.
Source link



