LATEST

ഏഴ് കൂട്ടം കറികളുമായി ശബരിമലയിൽ സദ്യയൊരുക്കും; ബോർഡ് യോഗത്തിൽ അന്തിമ തീരുമാനം

തിരുവനന്തപുരം: ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കേരളസദ്യ വിളമ്പുമെന്ന് കെ ജയകുമാർ. പുലാവും സദ്യയും ഇടവിട്ടാകും വിളമ്പുന്നത്. അധിക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം കമ്മീഷണറെ ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗം ചുമതലപ്പെടുത്തി. നിലവിലെ ടെൻഡറിനുള്ളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിൽ നിയമ പ്രശ്‌നമില്ലെന്ന് ദേവസ്വം ബോർഡ് ചെയർമാൻ കെ ജയകുമാർ പറഞ്ഞു. ഒമ്പത് കോടി രൂപ അന്നദാന ഫണ്ടിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഡിസംബർ രണ്ട് മുതൽ കേരള സദ്യ നൽകാനാണ് തീരുമാനിച്ചിരുന്നത്. സജ്ജീകരണങ്ങൾ പൂർത്തിയാകാത്തതിനെ തുടർന്നാണ് തീരുമാനം മാറ്റിവച്ചത്. ഇതിലെ നിയപരമായ പ്രശ്‌നങ്ങൾ പഠിക്കാനായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. തുടർന്ന് നടന്ന യോഗത്തിലാണ് അന്തിമ തീരുമാനം എടുത്തിരിക്കുന്നത്.

സദ്യയിൽ പരിപ്പ്, സാമ്പാർ, അവിയൽ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ഏഴ് വിഭവങ്ങളുണ്ടാകും. ഉച്ചയ്‌ക്ക് 12 മണിക്കു തുടങ്ങുന്ന സദ്യ 3 മണി വരെ നീളുമെന്നും സ്‌റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളുമാകും സദ്യയ്‌ക്ക് ഉപയോഗിക്കുന്നതെന്നുമാണ് വിവരം.

അതേസമയം, ഇരട്ടപദവി ചൂണ്ടിക്കാട്ടി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ബി അശോക് ഐഎഎസ് തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹർജി സമർപ്പിച്ചു. സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ഐഎംജി ( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ്) ഡയറക്‌ടർ ആയിരിക്കെ ബോർഡ് പ്രസിഡന്റായത് ചട്ടവിരുദ്ധം എന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്.

എന്നാൽ, ഇരട്ടപദവി ഇല്ലെന്നും ബോർഡ് പ്രസിഡന്റ് ആയതിൽ ചട്ടലംഘനം ഇല്ലെന്നുമാണ് കെ ജയകുമാർ പറയുന്നത്. രണ്ടിടത്തും ആനുകൂല്യം പറ്റുന്നില്ലെന്നും ഐഎംജി ഡയറക്‌ടർ പദവിയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ ആളെ നിയമിക്കുമെന്നും ജയകുമാർ വ്യക്തമാക്കി. പകരക്കാരൻ വരുന്നതോടെ ഐഎംജി ഡയറക്‌ടർ ചുമതല ഒഴിയും. ഒരേ സമയം രണ്ട് പ്രതിഫലം പറ്റുന്നില്ലെന്നും കോടതിയെ കാര്യങ്ങൾ ബോധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button