എറണാകുളം വടുതലയിലെ കൂട്ടമരണം വിഷം വാങ്ങിയത് ഓൺലൈനിൽ; ജ്യൂസിൽ കലർത്തിയത് രണ്ട് കുപ്പി

കൊച്ചി:എറണാകുളം വടുതലയിലെ വാടകവീട്ടിൽ മൂന്ന് മക്കളെ കൊലപ്പെടുത്താനായി അമ്മയും അമ്മൂമ്മയും വിഷം വാങ്ങിയത് ഓൺലൈനിലൂടെയെന്ന് റിപ്പോർട്ട്.തിരുവനന്തപുരം വിളപ്പിൽശാല കാരോട് കനകവിഹാറിൽ അശ്വതി എസ്.നായർ (37) മാതാവ് വൈ. ശ്രീകുമാരി (59) അശ്വതിയുടെ മക്കളായ കീർത്തിവൻ (14), കാർണിവൻ (4), അക്ഷിത (2) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.മൂന്ന് കുപ്പി പൊട്ടാസ്യം തയോസയനേറ്റ് കഴിഞ്ഞ ഓഗസ്റ്റ് 12ന് അശ്വതിയുടെ ഭർത്താവ് അക്ഷതിന്റെ തിരുവനന്തപുരത്തെ വിലാസത്തിൽ വരുത്തിയിരുന്നു.ലബോറട്ടറി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇത് കുഞ്ഞുങ്ങൾക്ക് നൽകിയതെന്ന് കരുതുന്നു.500 ഗ്രാം വീതമുള്ള മൂന്ന് കുപ്പികളിൽ രണ്ടെണ്ണം ഉപയോഗിച്ചിട്ടുണ്ട്.തുറക്കാത്ത കുപ്പിയും മൂന്ന് ഒഴിഞ്ഞ ജ്യൂസ് ബോട്ടിലുകളും പൊലീസ് കണ്ടെടുത്തു.ഏതാനും നാൾ മുമ്പ് ഇവർ തിരുവനന്തപുരത്ത് വാടകയ്ക്ക് നൽകിയ വീട്ടിൽ പോയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.ശ്രീകുമാരിയുടെയും അശ്വതിയുടെയും ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഷം വാങ്ങിയതു സംബന്ധിച്ചും മറ്റുമുള്ള വിവരങ്ങൾ ഫോണിൽ നിന്ന് ലഭിക്കുമെന്ന് കരുതുന്നു.വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് നോർത്ത് എസ്.എച്ച്.ഒ എ. അനൂപ് പറഞ്ഞു.
Source link



