test del 1

ഹൃദയാഘാതമുണ്ടായാൽ ഓപ്പറേഷനോ കഠിന ചികിത്സയോ വേണ്ട, കൈയിലൊരു ഇഞ്ചക്ഷൻ കൊണ്ട് ജീവൻ രക്ഷിക്കാം, പഠനം

ഹൃദയധമനികളിൽ തടസമുണ്ടാകുകയും അതുകാരണം രക്തയോട്ടം നിലച്ച് അന്ത്യം വരെ സംഭവിക്കാവുന്ന രോഗമാണ് ഹൃദയാഘാതം. ആവശ്യത്തിന് രക്തം എത്താതെ വരുന്നതോടെ രക്തധമനികൾ നശിച്ചുപോകുന്നു. ഈ അവസ്ഥയിലാണ് രോഗം ഗുരുതരമാകുന്നത്. ഹൃദയത്തിൽ വേദന അല്ലെങ്കിൽ പ്രയാസം തോന്നുക, തലയ്‌ക്ക് ഭാരം കുറഞ്ഞപോലെ തോന്നുക, ഛർദ്ദിൽ, താടിയെല്ല്, കഴുത്ത്, അല്ലെങ്കിൽ പുറംഭാഗത്ത് വേദന തോന്നുക, ഇടത് തോളിൽ ബുദ്ധിമുട്ട്, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയെല്ലാമാണ് ഇതിന്റെ സാധാരണയായി കാണുന്ന ലക്ഷണങ്ങൾ. ഇവയിലോരോന്നും ചിലപ്പോൾ മറ്റ് രോഗങ്ങളുടെ ലക്ഷണമായും വരാം.

സ്‌‌ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ലക്ഷണങ്ങളാണ് ഉണ്ടാകുക. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമാകെ നടക്കുന്ന മരണങ്ങളിൽ 12.6 ശതമാനം ഈ രോഗത്താലാണ്. ഈ രോഗം വന്നാൽ ചികിത്സ ഏറെ ചെലവേറിയതാണ്. രോഗത്തെ കീഴടക്കാനുള്ള നിരവധി പഠനങ്ങൾ ലോകമാകെ നടക്കുന്നുണ്ട്. കൊളംബിയ സർവകലാശാലയിലെ ബയോ മെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസറായ കെ ചെംഗിന്റെ നേതൃത്വത്തിലെ പഠനസംഘം ‘സയൻസ്’ ശാസ്‌ത്രമാസികയിൽ അവതരിപ്പിച്ച പഠനം ഈ മേഖലയിൽ പ്രതീക്ഷ നൽകുന്നു.

ഒരാൾക്ക് ഹൃദയാഘാതമുണ്ടായാൽ രക്തയോട്ടം പുനഃസ്ഥാപിക്കുക എന്നത് മാത്രമാണ് ചെയ്യാൻ കഴിയുന്ന കാര്യം. തടസം വന്ന രക്തക്കുഴലുകളിൽ രക്തം ഓടിത്തുടങ്ങുമ്പോഴേക്കും ഹൃദയത്തിന് സംഭവിക്കാവുന്ന പ്രശ്‌നം സംഭവിച്ചിരിക്കും. ഒരിക്കൽ നശിച്ച ഹൃദയപേശികൾ പിന്നീട് വളർന്ന് വരില്ല. ‘പുനരുജ്ജീവനത്തിന് കഴിവ് ഏറ്റവും കുറവുള്ള അവയവങ്ങളിലൊന്നാണ് ഹൃദയം’ പഠനം നടത്തിയ കെ ചെംഗും അലൻ എൽ കഗനോവും പറയുന്നു. ഈ കഴിവ് കുറവുള്ളതുകൊണ്ട് ഹൃദയാഘാതം വന്ന് രക്ഷപ്പെട്ട പലർക്കും പിന്നീട് ഹൃദയസ്തംഭനം സംഭവിക്കാം.

ഇപ്പോൾ ചെംഗിന്റെ നേതൃത്വത്തിൽ സംഘം‌ നടത്തിയ ഒരു പഠനം ശരീരത്തെ സ്വയം ഹൃദ്രോഗത്തിന് പ്രതിവിധി കാണാൻ കഴിവുള്ളതാക്കി മാറ്റുന്നുണ്ട്. നേരിട്ട് ഹൃദയത്തിന് മരുന്ന് നൽകുന്നതിന് പകരം റൈബോ‌ന്യൂക്ളിക് ആസിഡ് (ആർഎൻഎ) ഉപയോഗിച്ച് ശരീരത്തിലെ മറ്റ് കലകളിൽ രോഗ ശമനത്തിനുള്ള തന്മാത്രയെ നിർമ്മിക്കുന്നു. ഇത് ഹൃദയത്തിലെത്തിയാൽ മാത്രമേ പ്രവർത്തിച്ച് തുടങ്ങൂ.

സാധാരണയായി ചെയ്യുന്ന പോലെ ഹൃദയം തുറക്കുകയോ വയറുകൾ വഴി ഹൃദയത്തിൽ മരുന്ന് കുത്തിവയ്‌ക്കുകയോ ഒന്നുംവേണ്ട എന്നർത്ഥം. കൈയിൽ ഒരു കുത്തിവയ്‌പ്പ് എടുക്കുക മാത്രം ചെയ്‌താൽ മതി.

‘ക്ളിനിക്കൽ പരീക്ഷണങ്ങളിൽ ഒരു ഇഞ്ചക്ഷൻ മൂലമുണ്ടാകുന്ന പാടുകൾ കുറഞ്ഞു. ചെറുതും വലുതുമായ ജീവികളിൽ ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെട്ടു.’ ഗവേഷകർ പറയുന്നു. നിലവിലെ ഹൃദയം മാറ്റിവയ്‌ക്കുന്നതുപോലെയോ ഹൃദയകോശ ചികിത്സകളോ പോലെയല്ലാതെ ലഘുവായ ചികിത്സ കൊണ്ടുതന്നെ ജീവൻ രക്ഷിക്കാമെന്ന് കണ്ടെത്തി.

ജനനശേഷം ഉടനുള്ള കുറച്ച് ദിവസങ്ങളിൽ മിക്ക ജീവികളിലും അട്രിയൽ നാട്രിയുറെറ്റിക് പെപ്‌റ്റൈഡ് (എഎൻപി) എന്ന ഹോർമോൺ ഉണ്ടാകാറുണ്ട്. ഇത് ഹൃദയ പേശികളെ വീണ്ടും വളർന്നുവരാൻ സഹായിക്കുന്നവയാണ്. പ്രായമാകുമ്പോൾ എഎൻപിയുടെ കഴിവ് കുറഞ്ഞ് ഇല്ലാതാകും. ജനന ശേഷം ഉടനെയുള്ള എലികളിലും പ്രായമായ എലികളിലും ഗവേഷകർ ഇക്കാര്യം പഠിച്ചു. ശേഷം കൈകളിലോ കാലുകളിലോ മസിലിൽ എഎൻപി ഹോർമോൺ കുത്തിവച്ചു. രക്തചംക്രമണം വഴി അവ ഹൃദയത്തിലെത്തി രോഗത്തെ ഭേദപ്പെടുത്തി.

ഏറ്റവും ആശ്വാസം തോന്നാവുന്ന കാര്യം ഈ ഇഞ്ചക്ഷനെടുക്കാൻ രോഗിക്ക് എന്നും ആശുപത്രിയിൽ പോകേണ്ടി വരില്ല. ഒരിക്കൽ ഇഞ്ചക്ഷനെടുത്താൽ നാലാഴ്‌ചയോളം മരുന്ന് ശരീരത്തിൽ പ്രവർത്തിക്കും. മാസത്തിലൊരിക്കൽ ആശുപത്രി കണ്ടാൽ മതിയെന്നർത്ഥം.

നിലവിൽ ഈ ചികിത്സാരീതി മനുഷ്യരിൽ പരീക്ഷിച്ചിട്ടില്ല. അതിനുമുൻപ് പലതരം പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട്. വലിയ മൃഗങ്ങളിലും പ്രായമായ എലികളിലും പ്രമേഹമുള്ള എലികളിലുമടക്കം ഇതിനകം പഠനം നടത്തിക്കഴിഞ്ഞു. ഹൃദയാഘാതമുണ്ടായി ഒരാഴ്‌ച നിരീക്ഷിച്ച ശേഷം ചികിത്സ നൽകിയും പരീക്ഷിച്ചു. എല്ലാ കണ്ടീഷനിലും ചികിത്സ ഫലപ്രദമായിരുന്നു. ഈ ചികിത്സാരീതി ഹൃദയാഘാതത്തിന് മാത്രമല്ല ഭാവിയിൽ കിഡ്‌നി രോഗങ്ങൾക്കും രക്തസമ്മർദ്ദത്തിനും പ്രീക്ളാംസിയ പോലെ രോഗാവസ്ഥയ്‌ക്കും ഫലം ചെയ്യുമെന്ന് കരുതുന്നു. കാരണം കോശങ്ങൾ നശിക്കുന്നതാണ് ഈ രോഗങ്ങളെല്ലാം ഗുരുതരമാകാൻ‌ ഇടയാകുന്നത്.


Source link

Back to top button