test del 2

‘ഹുറേയ്, 8 AI നിർമ്മിത ആളുകളെക്കൂടി ട്രംപ് രക്ഷിച്ചു’; പരിഹാസവുമായി സൗദി അറേബ്യയിലെ ഇറാൻ എംബസി


ടെഹ്‌റാൻ: രാജ്യവിരുദ്ധ പ്രതിഷേധങ്ങൾക്കിടെ അറസ്റ്റിലായ എട്ടുസ്ത്രീകളെ ഇറാൻ വധശിക്ഷയ്ക്ക് വിധേയരാക്കി എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് രൂക്ഷമായ പരിഹാസ പ്രതികരണവുമായി സൗദി അറേബ്യയിലെ ഇറാൻ എംബസി. നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ച സ്ത്രീകളുടെ ചിത്രങ്ങളോടൊപ്പം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അവർ ട്രംപിനെ രൂക്ഷമായി പരിഹസിച്ചത്.പ്രതിഷേധക്കാരായ സ്ത്രീകളുടെ ജീവൻ രക്ഷിച്ചു എന്ന ട്രംപിന്റെ അവകാശവാദത്തിന് നേരത്തേതന്നെ ഇറാൻ മറുപടി നൽകിയിരുന്നു. വധശിക്ഷ നടപ്പാക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായാണ് ട്രംപ് സാമൂഹികമാധ്യമത്തിൽ കുറിച്ചത്. എന്നാൽ ഇറാനിയൻ ഉദ്യോഗസ്ഥർ ഇത് നിഷേധിക്കുകയും അത്തരമൊരു പദ്ധതി നിലവിലില്ലെന്ന് പറയുകയും ചെയ്തു. ട്രംപിന്റെ ഈ അവകാശവാദത്തെ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതും എന്നാണ് അവർ വിശേഷിപ്പിച്ചത്.ഇതിനുപിന്നാലെയാണ് എഐ ചിത്രങ്ങൾ ഉൾപ്പെടുത്തി പരിഹാസ പോസ്റ്റുകളുമായി സൗദി അറേബ്യയിലെ ഇറാൻ എംബസി രംഗത്തെത്തിയത്. ‘ഹുറേയ്, ട്രംപ് 8 എഐ നിർമ്മിത ആളുകളെ രക്ഷിച്ചു’ എന്നായിരുന്നു ആദ്യപോസ്റ്റ്. ‘എട്ട് പെൺകുട്ടികളെക്കൂടി നാളെ ഇറാനിൽ തൂക്കിലേറ്റാൻ പോകുന്നു. സഹായിക്കാൻ ട്രംപിനോട് ആവശ്യപ്പെടുക. ചാറ്റ്ജിപിടിക്ക് നന്ദി’ എന്നുമായിരുന്നു രണ്ടാമത്തെ പോസ്റ്റ്. എഐ ഉപയോഗിച്ച് നിർമ്മിച്ച എട്ട് സ്ത്രീകളുടെ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രംപിന്റെ അവകാശവാദങ്ങൾ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ല എന്ന് കാണിക്കാനാണ് എംബസി എഐ ചിത്രങ്ങൾ ഉപയോഗിച്ചത്. എട്ട് വനിതാ പ്രതിഷേധക്കാരെ വധിക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായി ട്രംപ് പറഞ്ഞതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ഇത് ‘വളരെ നല്ല വാർത്തയാണ്’ എന്നും, ചിലരെ വിട്ടയയ്ക്കുമെന്നും മറ്റുള്ളവർക്ക് കുറഞ്ഞ തടവുശിക്ഷമാത്രമേ ലഭിക്കൂ എന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. അവരുടേതെന്ന് രീതിയിൽ എട്ട് സ്ത്രീകളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു.


Source link

Back to top button