ഹരീഷ് റാണയെ ഇന്ന് എയിംസിലേക്ക് മാറ്റിയേക്കും

പാലിയേറ്റീവ് കെയർ യൂണിറ്റിൽ പ്രത്യേക സജ്ജീകരണങ്ങൾന്യൂഡൽഹി: സുപ്രീംകോടതി ദയാമരണത്തിന് അനുമതി നൽകിയതോടെ, ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശി ഹരീഷ് റാണയെ ഇന്ന് വീട്ടിൽ നിന്ന് ഡൽഹി എയിംസിലേക്ക് മാറ്റിയേക്കും. വിധി വന്നതിനുപിന്നാലെ, എയിംസിലെ പാലിയേറ്റീവ് കെയർ യൂണിറ്റിൽ പ്രത്യേക സജ്ജീകരണങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. വേദന പരമാവധി കുറച്ച്, രോഗിയുടെ ആശ്വാസത്തിന് പ്രാധാന്യം നൽകുന്ന തരത്തിൽ പ്രത്യേക പദ്ധതി എയിംസ് അധികൃതർ ചർച്ച ചെയ്തുവെന്ന് അറിയുന്നു. അന്തസും ആശ്വാസവും നിലനിറുത്തിക്കൊണ്ടാകും ഭക്ഷണട്യൂബ് അടക്കം എല്ലാ മെഡിക്കൽ സംവിധാനങ്ങളും എടുത്തുമാറ്രുന്നത്. ശാന്തമായ അവസാന ദിനങ്ങൾ ഉറപ്പാക്കാനാണ് ശ്രമം. പാലിയേറ്രീവ് മെഡിക്കൽ സ്പെഷ്യലിസ്റ്റുകൾ, പ്രൈമറി ട്രീറ്റിംഗ് ഫിസിഷ്യൻസ്, നഴ്സുമാർ, ആശുപത്രി എത്തിക്സ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ഈ പ്രക്രിയയിൽ പങ്കാളികളാകും. പിതാവ് അശോക് റാണ, മാതാവ് നിർമ്മല, സഹോദരൻ ആശിഷ് റാണ, സഹോദരി ഭാവനാ റാണ എന്നിവർക്ക് ഈ വൈകാരിക സാഹചര്യം മറികടക്കാൻ തുടർച്ചയായി കൗൺസിലിംഗ് നൽകും. രാജ്യത്തെ ആദ്യത്തെ ദയാമരണത്തിന് ജസ്റ്റിസ് ജെ.ബി. പർദിവാല, മലയാളി ജഡ്ജി കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് അനുമതി നൽകിയത്. 12 വർഷം 6 മാസം 20 ദിനം. 4587 ദിവസമായി കോമയിലാണ് 32കാരനായ ഹരീഷ്.നിർദ്ദേശം പാലിക്കും
Source link



