സ്ലീവ്ലെസ് ജഴ്സികളും സ്ലിപ്പറുകളും ധരിക്കരുത്, കുടുംബത്തിനൊപ്പം യാത്ര അരുത്, മത്സരദിവസം പരിശീലനം പാടില്ല: കടുപ്പിച്ച് ബിസിസിഐ

മുംബൈ ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ 19–ാം പതിപ്പിന് 28ന് കൊടിയേറുകയാണ്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് നേരിടുന്നത്. ഐപിഎൽ തുടങ്ങുന്നതിനു മുന്നോടിയായി ടീമുകൾക്കും താരങ്ങൾക്കും കർശനനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് ബിസിസിഐ.
മത്സരദിവസങ്ങളിൽ ടീമുകൾക്ക് പരിശീലന സെഷനുകൾ നടത്താൻ അനുവാദമില്ല എന്നതാണ് പ്രധാന നിർദേശം. മത്സരത്തിനായി പിച്ചും വിക്കറ്റും സംരക്ഷിക്കുന്നതിനാണ് ഇത്. കൂടാതെ, മത്സരദിവസങ്ങളിൽ കളിക്കാർക്ക് ഫിറ്റ്നസ് ടെസ്റ്റുകൾ നടത്താനും ടീമുകളെ അനുവദിക്കില്ല. വസ്ത്രധാരണ രീതിയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.
പ്രധാന നിർദേശങ്ങൾ∙പരിശീലനത്തിന് തുറന്ന നെറ്റ്സ് (Open nets) അനുവദിക്കില്ല.
∙ ഒരു ടീം അവരുടെ പരിശീലനം നേരത്തെ അവസാനിപ്പിച്ചാലും, മറ്റേ ടീമിന് അവർക്കായി അനുവദിച്ച വിക്കറ്റുകൾ ഉപയോഗിക്കാൻ അനുവാദമില്ല.
∙ മത്സരദിവസങ്ങളിൽ മെയിൻ സ്ക്വയറിൽ (പ്രധാന പിച്ച് ഏരിയ) ഫിറ്റ്നസ് ടെസ്റ്റുകൾ നടത്താൻ അനുവദിക്കില്ല.
∙ പരിശീലന ദിവസങ്ങളിൽ താരങ്ങൾ ടീം ബസിൽ തന്നെ സ്റ്റേഡിയത്തിൽ എത്തണം; എന്നാൽ ടീമുകൾക്ക് രണ്ട് ബാച്ചുകളായി തിരിഞ്ഞ് യാത്ര ചെയ്യാവുന്നതാണ്.
∙ താരങ്ങൾ കുടുംബാംഗങ്ങളിൽനിന്നു മാറി പ്രത്യേകം യാത്ര ചെയ്യണം. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രത്യേക വാഹനങ്ങളിൽ വരാമെങ്കിലും അവർക്ക് ഹോസ്പിറ്റാലിറ്റി ഏരിയയിൽ ഇരുന്ന് മാത്രമേ പരിശീലനം കാണാൻ സാധിക്കൂ.
മത്സരദിവസത്തെ നിയമങ്ങൾ∙ ഹിറ്റിങ് നെറ്റുകൾ (Hitting nets) നൽകിയിട്ടുണ്ടെങ്കിലും, എൽഇഡി (LED) ബോർഡുകളിലേക്ക് പന്ത് അടിക്കരുത്
∙ താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും എൽഇഡി ബോർഡുകൾക്ക് മുന്നിൽ ഇരിക്കാൻ അനുവാദമില്ല. പകരക്കാർക്കായി (Substitutes) ടവലുകളും വാട്ടർ ബോട്ടിലുകളും വയ്ക്കാൻ പ്രത്യേക സീറ്റുകൾ അടയാളപ്പെടുത്തും.
∙ ഓറഞ്ച്, പർപ്പിൾ ക്യാപ് വിജയികൾ അവ ധരിക്കേണ്ടതാണ്; അല്ലാത്തപക്ഷം, ബ്രോഡ്കാസ്റ്റർമാർക്ക് ദൃശ്യങ്ങൾ പകർത്താൻ വേണ്ടി ആദ്യ രണ്ട് ഓവർ എങ്കിലും അവ ധരിക്കണം.
∙ മത്സരത്തിന് ശേഷമുള്ള പ്രസന്റേഷൻ ചടങ്ങുകളിൽ സ്ലീവ്ലെസ് ജഴ്സികളും സ്ലിപ്പറുകളും (ചെരുപ്പുകൾ) നിരോധിച്ചിരിക്കുന്നു. ആദ്യത്തെ ലംഘനത്തിന് മുന്നറിയിപ്പ് നൽകും; രണ്ടാമത്തെ ലംഘനത്തിന് സാമ്പത്തിക പിഴ ഈടാക്കും.
Source link



