LATEST

‘സുവർണാവസരം നഷ്ടപ്പെടുത്തി’; നടിയെ സ്ഥാനാർത്ഥിയാക്കിയതിൽ ബിജെപിയിൽ അതൃപ്തി


കൊച്ചി: വിജയസാദ്ധ്യത മണ്ഡലമായ തൃപ്പൂണിത്തുറ ട്വന്റി 20ക്ക് വിട്ടുകൊടുത്തതിൽ ഭൂരിപക്ഷം ബിജെപി പ്രവർത്തകർക്കും അതൃപ്തി. മുൻസിപ്പാലിറ്റി ഭരണം പിടിച്ചതിൽ ഈ തിരഞ്ഞെടുപ്പ് ഒരു സുവർണാവസരമായാണ് പ്രവർത്തകർ കണ്ടത്. എന്നാൽ ആ ആവേശം ഇപ്പോൾ ബിജെപി പ്രവർത്തകർക്കില്ല. നടിയായ അ‌ഞ്ജലി നായറാണ് ട്വന്റി 20 ടിക്കറ്റിൽ തൃപ്പൂണിത്തുറയിൽ നിന്ന് മത്സരിക്കുന്നത്.പാർട്ടിക്ക് വലിയ സ്വാധീനമുള്ള മണ്ഡലം ഘടകക്ഷിക്ക് നൽകിയതിൽ നേതാക്കൾക്കും അതൃപ്തിയുണ്ടെങ്കിലും ആരും പരസ്യപ്രതികരണം വേണ്ടെന്ന നിലപാടിലാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ അഞ്ജലി നായറുടെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി വിമർശനം ഉയരുന്നുണ്ട്. ട്വന്റി 20 അദ്ധ്യക്ഷൻ സാബു എം ജേക്കബ് തൃപ്പൂണിത്തുറ വിട്ടുനൽകാമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. എന്നാൽ അടുത്തിടെ പാർട്ടിയിലെത്തിയ സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാർക്ക് തൃപ്പൂണിത്തുറ നൽകണമെന്നായിരുന്നു ട്വന്റി 20യുടെ ആവശ്യം. ഇത് ബിജെപി അംഗീകരിച്ചില്ല. ഒടുവിൽ അഖിൽ മാരാർക്ക് തൃക്കാക്കരയിൽ സീറ്റ് നൽകുകയായിരുന്നു.മത്സരിക്കുന്നില്ലെന്ന് സാബു അറിയിച്ചപ്പോൾ തൃപ്പൂണിത്തുറ സീറ്റ് ട്വന്റി 20ക്ക് കെെമാറേണ്ടതില്ലായിരുന്നുവെന്നാണ് ബിജെപി പ്രദേശിക നേതാക്കളിൽ ചിലർ അഭിപ്രായപ്പെടുന്നത്. മണ്ഡലത്തിൽ എൽ.ഡി.എഫിനും യുഡിഎഫിനും ശക്തമായ അടിത്തറയുണ്ട്. എന്നാൽ ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ നഗരഭരണം ബിജെപി പിടിച്ചെടുത്തിരുന്നു. കോൺഗ്രസ് സിറ്റിംഗ് എംഎൽഎയായ കെ. ബാബു മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ബിജെപി വളരാനുള്ള സാഹചര്യമുണ്ടായിരുന്നുവെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.


Source link

Related Articles

Back to top button