സി സി മുകുന്ദനെ കോൺഗ്രസിനും വേണ്ട; ഒറ്റയ്ക്ക് മത്സരിച്ചോട്ടെയെന്ന് കെപിസിസിയെ അറിയിച്ചു

തൃശൂർ: സിപിഐ പുറത്താക്കിയ നാട്ടിക എംഎൽഎ സി സി മുകുന്ദനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിലപാടിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വം. നാട്ടികയിൽ സീറ്റ് നിഷേധിച്ചതോടെയാണ് എംഎൽഎ പാർട്ടിയുമായി തെറ്റിയത്. തുടർന്ന് പാർട്ടിയിൽ നിന്നും രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. നാട്ടികയിൽ കോൺഗ്രസ് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്നാണ് സൂചന.സുനിൽ ലാലൂർ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കുമെന്നാണ് വിവരം. സി കെ വിനോദിനെയും പരിഗണിക്കുന്നുണ്ട്. മുകുന്ദൻ സ്വതന്ത്രനായി മത്സരിക്കട്ടെയെന്ന പൊതു അഭിപ്രായം കോൺഗ്രസ് നേതാക്കൾ കെപിസിസിയെ അറിയിച്ചു. കെപിസിസി ഇത് ദേശീയ നേതൃത്വത്തെ ധരിപ്പിക്കും. ദേശീയ നേതൃത്വമാണ് അന്തിമ തീരുമാനം കൈകൊള്ളുക.പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി പ്രതീക്ഷിച്ചതാണെന്നും അത്ഭുതമോ ഭയമോ ഇല്ലെന്നുമായിരുന്നു സി സി മുകുന്ദൻ നേരത്തെ പ്രതികരിച്ചത്. തന്റെ പ്രതിഷേധം അറിയിക്കാനാണ് മത്സരിക്കുന്നതെന്നും മാദ്ധ്യമങ്ങളോട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തന്നെ ദ്രോഹിച്ചവരെക്കുറിച്ച് വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങളിലൂടെയും ജനങ്ങളോടും തുറന്നുപറയും. ബിജെപിയുടെയോ കോൺഗ്രസിന്റെയോ അടക്കം എല്ലാവരുടെയും പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നാട്ടിക സീറ്റ് പേയ്മെന്റ് സീറ്റാണെന്ന് ആരോപിച്ചായിരുന്നു അദ്ദേഹം സി.പി.ഐ മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിവച്ചത്. പാർട്ടി പിന്നിൽ നിന്ന് കുത്തിയെന്നും തന്നെ മാറ്റി ഗീതാ ഗോപിയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് രാജിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Source link


