‘സിപിഎം വിട്ടുവന്നാൽ ഒപ്പം നിൽക്കും’; ജി സുധാകരനു വേണ്ടി പ്രവർത്തിക്കാൻ തയ്യാറാണെന്ന് എഎ ഷുക്കൂർ

ആലപ്പുഴ: ജി സുധാകരൻ സിപിഎം വിട്ടുവന്നാൽ പിന്തുണ നൽകുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എഎ ഷുക്കൂർ. യുഡിഎഫിന്റെ പിന്തുണ സ്വീകരിക്കുമെന്ന് സുധാകരൻ അറിയിച്ചാൽ ആ നിമിഷം മുതൽ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.സിപിഎം നേതാക്കൾ ആ പാർട്ടിയുടെ മോശം ശൈലികളെ വിമർശിച്ച് പുറത്തുവരുമ്പോൾ പ്രോത്സാഹിപ്പിക്കേണ്ടത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്ന് എ എ ഷുക്കൂർ അഭിപ്രായപ്പെട്ടു. സുധാകരന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും മുഴുവൻ കോൺഗ്രസ് പ്രവർത്തകരും അദ്ദേഹത്തിനൊപ്പം ഉണ്ടാകുമെന്നും കോൺഗ്രസ് നേതാവ് വ്യക്തമാക്കി. സുധാകരൻ സ്ഥാനാർത്ഥിയായാൽ അമ്പലപ്പുഴയിൽ കോൺഗ്രസ് ജയിക്കുമെന്നും സുധാകരൻ പ്രത്യാശ പ്രകടിപ്പിച്ചു.സുധാകരനെ അനുനയിപ്പിച്ച് സിപിഎമ്മിലേക്ക് തിരികെയെത്തിക്കാനുള്ള അവസാനശ്രമങ്ങളും വിജയം കണ്ടിട്ടില്ല. ഇതിനിടയിൽ ഇന്ന് രാവിലെ 11 മണിക്ക് അദ്ദേഹം മാദ്ധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാൻ അദ്ദേഹം നീക്കം നടത്തുന്നുണ്ടെന്നാണ് സൂചന. മത്സരിക്കാനുള്ള താൽപര്യം ഇന്നലെ വീട്ടിലെത്തിയ നേതാക്കളെ വീണ്ടും അറിയിച്ചിരുന്നു. എന്നാൽ, മാനദണ്ഡപ്രകാരമാണ് മാറ്റിനിർത്തിയതെന്ന് നേതാക്കൾ പ്രതികരിച്ചതോടെ തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് സുധാകരനും മറുപടി നൽകി.
Source link


