LATEST

ശബരിമല യുവതീപ്രവേശനം; മാർച്ച് 14ന് മുൻപ് നിലപാടറിയിക്കണം, ഹർജികൾ പരിഗണിക്കുന്നത് പുതിയ ഭരണഘടനാ ബെഞ്ച്


ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാമെന്നറിയിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസായിരിക്കും ഒമ്പതം​ഗ ബെഞ്ചിന് നേതൃത്വം നൽകുന്നത്. ഇക്കാര്യം നേരത്തെ നിശ്ചയിച്ചതാണെന്നും കോടതി അറിയിച്ചു. എല്ലാ കക്ഷികളും മാർച്ച് 14ന് മുൻപ് നിലപാട് എഴുതി നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.ഒമ്പതംഗ ബെഞ്ച് ഏപ്രിൽ ഏഴിന് രാവിലെ പത്തരമണിമുതൽ വാദം തുടങ്ങും. ഏപ്രിൽ ഒമ്പതുവരെ ഹർജിയെ പിന്തുണയ്ക്കുന്നവരുടെ വാദം തുടരും. ശേഷം ഏപ്രിൽ 14 മുതൽ 16വരെയാണ് ഏതിർകക്ഷികളുടെ വാദം നടക്കുക. ഏതെങ്കിലും തരത്തിൽ എതിർപ്പുണ്ടെങ്കിൽ തുടർവാദങ്ങൾ നടത്തുമെന്നും കോടതി അറിയിച്ചു. ഏപ്രിൽ 22ന് വാദം പൂർത്തിയാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല സ്ത്രീപ്രവേശനം ഉള്‍പ്പെടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീര്‍ണ വിഷയങ്ങളടങ്ങുന്ന 67 ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.വിവിധ മതങ്ങളുടെ വിഷയം ഒന്നിച്ച് പരിഗണിക്കണമെന്ന് അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, പഴയ ഒമ്പതംഗ ബെഞ്ചിൽ ഇപ്പോൾ കോടതിയിൽ ബാക്കിയുള്ളത് താൻ മാത്രമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ അഭിഭാഷകരോട് പറഞ്ഞു. കൊവിഡ് കാരണമാണ് നേരത്തെ വാദം കേൾക്കൽ മുടങ്ങിയതെന്നും നിലവിലെ എഴ് ചോദ്യത്തിന് പുറമെ കൂടുതൽ ചോദ്യങ്ങൾ ഓരോ കേസിനും അനുസരിച്ച് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.


Source link

Related Articles

Back to top button