NATIIONAL
സിഗരറ്റ് വലിച്ച് ചെഹലിന്‍റെ ഡ്രൈവിങ്, കുറ്റി റോഡിലേക്ക് വലിച്ചെറിഞ്ഞു; താരത്തിനെതിരെ രൂക്ഷവിമർശനം– വിഡിയോ

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് താരവും പഞ്ചാബ് കിങ്സ് സ്പിന്നറുമായ യുസ്‌വേന്ദ്ര ചെഹല്‍ വീണ്ടും വിവാദത്തില്‍. കാറോടിക്കുന്നതിനിടെ ചെഹൽ സിഗരറ്റ് വലിക്കുകയും ശേഷം സിഗരറ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിയുന്നതിന്‍റെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിഡിയോയുടെ ആധികാരികത സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. വിഡിയോ എപ്പോൾ എവിടെ വച്ചാണ് എടുത്തതെന്നും വ്യക്തമല്ല. മറ്റൊരു കാറിൽനിന്നാണ് വിഡിയോ പകർത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വൈറലാണ്. ഇതു സംബന്ധിച്ച് ചെഹലോ താരവുമായി ബന്ധപ്പെട്ടവരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊതുയിടത്തിൽ നിരുത്തരവാദപരമായി പെരുമാറിയതിന് ചെഹലിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം. ഐപിഎലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമായ യുസ്‌വേന്ദ്ര ചെഹൽ, മുംബൈ ഇന്ത്യൻ, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളിലും കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ വൈറ്റ് ബോൾ ക്രിക്കറ്റിൽ സ്ഥിരം സാന്നിധ്യമായിരുന്ന ചെഹൽ, കുറച്ചുകാലമായി ടീമിനു പുറത്താണ്. 2024 ട്വന്റി20 ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും കളിച്ചില്ല. ഇതിനു ശേഷം ടീമിലിടം പിടിച്ചിട്ടുമില്ല. കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സിനെ ഐപിഎൽ ഫൈനലിലെത്തിക്കുന്നതിൽ ചെഹൽ നിർണായക പങ്ക് വഹിച്ചിരുന്നു.
Source link


