‘സാമ്പത്തിക ശക്തികൾക്ക് നാടിനെ ബലികൊടുക്കുന്ന സ്ഥാനാർത്ഥിത്വം’; കുട്ടനാട്ടിലെ സീറ്റ് കോൺഗ്രസ് വിറ്റെന്ന് സജി ജോസഫ്

ആലപ്പുഴ: കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിത്വത്തിൽ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് സജി ജോസഫ്. കുട്ടനാട്ടിലെ സീറ്റ് കോൺഗ്രസ് വിറ്റെന്നാണ് സജി ജോസഫിന്റെ ആരോപണം. കുട്ടനാട്ടിലേത് പെയ്മെന്റ് സീറ്റ് ആണെന്നും സാമ്പത്തിക ശക്തിക്കുവേണ്ടി നാടിനെ ബലികൊടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. പണക്കാർക്ക് എംഎൽഎ മോഹം സാദ്ധ്യമാക്കാനുള്ള ഉപഭോഗവസ്തുവാക്കി കുട്ടനാടിനെ മാറ്റിയെന്നും ഇത് കുട്ടനാട്ടിലെ ജനങ്ങൾ പൊറുക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുട്ടനാട്ടിലെ കോൺഗ്രസ് വിമതനായി സജി ജോസഫ് മത്സരിക്കുമെന്നാണ് കരുതുന്നത്.ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംപ്രതിസന്ധികളുടെ നടുവിൽ കൂടി ജീവിതം നടന്നു നീക്കുകയാണ് കുട്ടനാട്ടുകാർ. തളർന്നു പോകുന്ന കുട്ടനാടിനെ കരകയറ്റുവാൻ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് കഴിയുമെന്ന് നമ്മൾ വിശ്വസിച്ചു. പക്ഷെ, പണചാക്കുകളുടെ പണകിഴികൾക്ക് മുന്നിൽ കുട്ടനാടിനെ വിൽക്കുകയാണ് അവർ ഇത്തവണയും ചെയ്തത്. കുട്ടനാടിന് വേണ്ട നീതി വാങ്ങിത്തരുമെന്ന് പ്രതിജ്ഞ എടുത്തവർ കുട്ടനാട്ടുകാർ പോലുമല്ലാത്ത സാമ്പത്തിക ശക്തികളുടെ മുന്നിൽ ഈ നാടിനെ ബലി കൊടുക്കുന്ന കാഴ്ചയാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലൂടെ നാം കാണുന്നത്. എൽഡിഎഫിലാകട്ടെ കുട്ടനാട്ടിൽ താമസിക്കാത്ത, കുട്ടനാടിനെ അറിയാത്ത മുതലാളിയായ എംഎൽഎയെ തന്നെ വീണ്ടും പരീക്ഷിക്കുന്നു.
Source link



