LATEST

സണ്ണിവക്കീലോ ടീച്ചറമ്മയോ, പേരാവൂരിൽ തീപാറും


കണ്ണൂർ: സംസ്ഥാനത്ത് തീപാറുന്ന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പേരാവൂർ. നാലാം തവണ ജനവിധി തേടുന്ന കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ.ശൈലജയും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ ഇരുമുന്നണികൾക്കും ഇത് ജീവൻമരണ പോരാട്ടം. ബി.ഡി.ജെ.എസിന്റെ പൈലി വാത്യാട്ടാണ് എൻ.ഡി.എ സ്ഥാനാർത്ഥി.ഇരിട്ടി നഗരസഭയും ആറളം, അയ്യൻകുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്, പായം, പേരാവൂർ പഞ്ചായത്തുകളും ചേർന്ന ഈ മലയോര മണ്ഡലത്തിൽ ആകെ 1,80,685 വോട്ടർമാരുണ്ട്. കുടിയേറ്റ കർഷക കുടുംബങ്ങൾ, ക്രൈസ്തവ ഹിന്ദു,​ മുസ്ലിം സമ്മിശ്ര ജനവിഭാഗം, ആറളം ആദിവാസി മേഖലയിലെ വോട്ടർമാർ ഇവരാണ് ജനവിധി നിർണയിക്കുന്നത്. വന്യജീവി ആക്രമണം, ബഫർ സോൺ ആശങ്ക, കാർഷിക വിലയിടിവ് തുടങ്ങിയ ജീവിത പ്രശ്നങ്ങളാണ് പ്രധാന പ്രചാരണവിഷയങ്ങൾ.2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ.സുധാകരൻ 23,481 വോട്ടിന്റെ ഭൂരിപക്ഷം പേരാവൂരിൽ നേടി. തദ്ദേശ തിരഞ്ഞെടുപ്പിലും 12,000ത്തോളം വോട്ടിന്റെ ലീഡ് യു.ഡി.എഫിനുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 158 ബൂത്തുകളിൽ 125 എണ്ണത്തിലും യു.ഡി.എഫായിരുന്നു മുന്നിൽ. ഒൻപത് തദ്ദേശ സ്ഥാപനങ്ങളിൽ എട്ടിലും യു.ഡി.എഫ് മുന്നേറ്റം.


Source link

Back to top button