NATIIONAL
സഞ്ജീവ് ഗോയങ്ക അത്ര ഹാപ്പിയല്ല, തോൽവിക്കു പിന്നാലെ ഗ്രൗണ്ടിൽ ഋഷഭ് പന്തുമായി നീണ്ട ചർച്ച–വിഡിയോ

ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ തോൽവിയോടെ തുടങ്ങി ലക്നൗ സൂപ്പർ ജയന്റ്സ്. ആറു വിക്കറ്റ് വിജയമാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. 142 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി, 17.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. 47 പന്തിൽ 70 റണ്‍സുമായി പുറത്താകാതെനിന്ന യുവ താരം സമീർ റിസ്‍വിയാണു കളിയിലെ താരം. 4.3 ഓവറിൽ നാലിന് 26 റൺസെന്ന നിലയിൽനിന്നാണ് ഡൽഹിയെ യുവതാരം രക്ഷിച്ചെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗ 18.4 ഓവറില്‍ 141 റൺസെടുത്തു പുറത്തായി. 25 പന്തിൽ 36 റൺസടിച്ച അബ്ദുൽ സമദാണ് ലക്നൗവിന്റെ ടോപ് സ്കോറർ. മിച്ചൽ മാര്‍ഷും (28 പന്തിൽ 35) ബാറ്റിങ്ങിൽ പിടിച്ചുനിന്നു. ക്യാപ്റ്റൻ ഋഷഭ് പന്തുൾപ്പടെ നാലു മുൻനിര ബാറ്റർമാർ തുടക്കത്തിൽ തന്നെ പുറത്തായതാണ് ലക്നൗവിനെ ചെറിയ സ്കോറിൽ ഒതുക്കിയത്.വിവാദത്തിനു പിന്നാലെ കെ.എൽ. രാഹുൽ ലക്നൗ ടീം വിട്ട് ഡൽഹി ക്യാപിറ്റൽസിൽ ചേർന്നിരുന്നു. ബാറ്റിങ്ങിൽ അവസരങ്ങൾ ഉപയോഗിക്കാൻ സാധിക്കാതിരുന്നതാണ് ലക്നൗവിനു തിരിച്ചടിയായതെന്ന് മത്സരത്തിനു ശേഷം ക്യാപ്റ്റൻ ഋഷഭ് പന്ത് പ്രതികരിച്ചു. ‘‘ന്യൂ ബോളിൽ ബോളര്‍മാർക്ക് സഹായം ലഭിച്ചിരുന്നു. എന്നാൽ മികച്ചൊരു പാർട്ണർഷിപ് ഉണ്ടാക്കാൻ ലക്നൗ ബാറ്റർമാർക്കു സാധിക്കാത്തതാണു പ്രശ്നങ്ങൾക്കു കാരണം. ആവശ്യത്തിന് റൺസ് ഇല്ലാതിരിക്കുമ്പോൾ കളിയിൽ മാറ്റം കൊണ്ടുവരുന്നതിനായി പല തീരുമാനങ്ങളും എടുക്കേണ്ടിവന്നേക്കാം. 140 റൺസൊക്കെ ആണെങ്കിൽ നമ്മൾ ഒരുപാടു പരിശ്രമിക്കേണ്ടിവരും. പക്ഷേ സാധാരണ പോലെ കളിച്ചാണ് ഡൽഹി വിജയത്തിലെത്തിയത്.’’– ഋഷഭ് പന്ത് മത്സരത്തിനു ശേഷം പ്രതികരിച്ചു.
Source link


