LATEST

ശരണ്യയെ കണ്ടെത്താനായില്ല; കുടകിൽ ട്രക്കിംഗിനിടെ കാണാതായ മലയാളി യുവതിക്കായുള്ള തെരച്ചിൽ ഇന്നും തുടരും


ബംഗളൂരു: കർണാടകയിലെ കുടകിൽ ട്രക്കിംഗിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് തെരച്ചിൽ തുടരുന്നത്. എറണാകുളത്ത് സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ശരണ്യ ജി എസ് (36) ഒറ്റയ്‌ക്കാണ് കുടകിലെത്തിയത്. ഏപ്രിൽ രണ്ട് വ്യാഴാഴ്ച മുതലാണ് യുവതിയെ കാണാതായത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു. ഏപ്രിൽ രണ്ടിനാണ് കൊച്ചിയിൽ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിൽ താമസിച്ച യുവതി രാവിലെ 8.15ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് തടിയൻഡമോൾ ട്രക്കിംഗ് തുടങ്ങിയത്. കാട്ടാന ശല്യമുള്ളതിനാൽ മറ്റൊരു പത്തംഗ സംഘത്തിനൊപ്പം ചേർന്ന് പോകാൻ ശരണ്യയോട് നിർദേശിച്ചിരുന്നു. ആ സംഘത്തോടൊപ്പം യാത്ര ആരംഭിച്ച യുവതി ട്രക്കിംഗിനിടെ ഒറ്റയ്ക്ക് മുന്നോട്ടു നടന്നതായാണ് സൂചന. വൈകിട്ട് നാലിന് സംഘം ചെക്ക്‌പോസ്റ്റിലേക്ക് തിരിച്ചെത്തിയപ്പോൾ ശരണ്യ കൂടെയുണ്ടായിരുന്നില്ല.


Source link

Back to top button