test del 5 copy of del 3
ശമ്പള വർധന ആവശ്യപ്പെട്ട സമരം സംഘർഷമായി; നോയിഡയിൽ പൊലീസിനു നേരെ കല്ലേറ്, വാഹനങ്ങൾ കത്തിച്ചു

ന്യൂഡൽഹി∙ നോയിഡയിൽ ഫാക്ടറി ജീവനക്കാരുടെ പ്രതിഷേധം അക്രമാസക്തമായി. വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും പൊലീസിനു നേരെ കല്ലേറുണ്ടാകുകയും ചെയ്തു. അക്രമികൾ പൊലീസ് വാൻ കത്തിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. നോയിഡ ഫെയ്സ് 2ലാണ് സംഭവം. നിരവധി ഫാക്ടറികൾ സ്ഥിതി ചെയ്യുന്ന മേഖലയാണിത്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൂട്ടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയാണ്. തിങ്കളാഴ്ച രാവിലെ നോയിഡയിലെ പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്കിനും ഇതു കാരണമായി. ശമ്പളം വർധിപ്പിക്കണമെന്നും തൊഴിൽ അന്തരീക്ഷം മികച്ചതാക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫാക്ടറി ജീവനക്കാർ സമരം നടത്തുകയായിരുന്നു. അവിദഗ്ധ തൊഴിലാളികൾക്ക് വേതനത്തിൽ 35 ശതമാനത്തിന്റെ വർധനവാണ് ഹരിയാന സർക്കാർ അടുത്തിടെ നടത്തിയത്. അതായത്. 11,274 ആയിരുന്ന മിനിമം വേതനം പുതിയ തീരുമാനത്തോടെ 15,220 ആയി. ഉത്തർപ്രദേശ് സർക്കാരും ഈ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികൾ പ്രതിഷേധം തുടങ്ങിയത്. സമാന ജോലി ചെയ്യുന്ന ഹരിയാനയിലുള്ളവർക്ക് കൂടുതൽ മെച്ചപ്പെട്ട ശമ്പളം ലഭിക്കുമ്പോൾ തങ്ങൾക്ക് കുറവാണെന്നാണ് തൊഴിലാളികൾ പറയുന്നത്. മാത്രമല്ല, സുരക്ഷിതമല്ലാത്ത തൊഴിലിടങ്ങൾ, ആഴ്ചയിലൊന്നുള്ള അവധി നിഷേധിക്കൽ, പ്രതിഷേധം യഥാവിധി അറിയിക്കാനുള്ള സംവിധാനം ഇല്ലാത്തത് തുടങ്ങിയ വിഷയങ്ങളും പ്രതിഷേധക്കാർ ഉയർത്തി.
Source link


