വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയ പെരുന്നാൾ; ഈദ് ഗാഹുകളിൽ ഒത്തുകൂടി വിശ്വാസികൾ

തിരുവനന്തപുരം: വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയ പെരുന്നാൾ. സൗഹൃദത്തിന്റെയും കരുതലിന്റെയും സന്ദേശമുയർത്തി വിശ്വാസികൾ പള്ളികളിലും ഈദ് ഗാഹുകളിലും ഒത്തുചേർന്നു. സംസ്ഥാനത്തെ വിവിധ പള്ളികളിൽ ഈദ് ഗാഹുകളും പ്രത്യേക നമസ്കാരങ്ങളും നടന്നു.തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന നമസ്കാരത്തിൽ പാളയം ഇമാം ഡോ.വി പി സുഹൈബ് മൗലവി നേതൃത്വം നൽകി. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലെ സംയുക്ത ഈദ് ഗാഹിൽ ശിഹാബ് പൂക്കോട്ടൂർ പെരുന്നാൾ സന്ദേശം നൽകി. കോട്ടയത്ത് സെൻട്രൽ ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഗമ്പടം മൈതാനത്ത് നമസ്കാരങ്ങൾക്കുള്ള ഒരുക്കങ്ങൾ നടന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമെന്നാണ് ഡോ.വി പി സുഹൈബ് മൗലവി പെരുന്നാൾ സന്ദേശത്തിൽ ആഹ്വാനം ചെയ്തത്. മുഖ്യമന്ത്രി ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ഈദ് സന്ദേശം പങ്കുവച്ചു.അതേസമയം, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നാളെയാണ് ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. എന്നാൽ, ഒമാൻ ഉൾപ്പെടെയുള്ല ഗൾഫ് രാജ്യങ്ങളിൽ ഇന്നാണ് ചെറിയ പെരുന്നാൾ. നിലവിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഗൾഫ് മേഖലയിൽ ഈദ് ഗാഹുകൾക്കും പൊതുസ്ഥലങ്ങളിലെ ഒത്തുചേരലുകൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Source link


