LATEST

വിമാനയാത്രയ്ക്ക് ചെലവ് കൂടും; കാര്യമായ വര്‍ദ്ധനയ്ക്ക് തീരുമാനമെടുത്ത് എയര്‍ലൈന്‍ കമ്പനികള്‍


ന്യൂഡല്‍ഹി: മാര്‍ച്ച് മാസം 12ാം തീയതി മുതല്‍ ബുക്ക് ചെയ്യുന്ന വിമാനയാത്രകള്‍ക്കുള്ള ചെലവ് കൂടും. ഊര്‍ജമേഖലയില്‍ ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന സര്‍ചാര്‍ജ് കൂടി ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് ഇപ്പോള്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും കൈക്കൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നു മുതല്‍ ബുക്ക് ചെയ്യുന്ന ആഭ്യന്തര സര്‍വീസുകളിലെ ടിക്കറ്റുകള്‍ക്കൊപ്പം 399 രൂപ അധികമായി ഈടാക്കും. മാലദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും ഇതേ നിരക്ക് ബാധകമായിരിക്കും.ഏവിയേഷന്‍ ഫ്യുവലിന്റെ വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായതിന് പിന്നിലെന്നാണ് എയര്‍ ഇന്ത്യയുടെ പ്രതികരണം. പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള വിമാന ടിക്കറ്റുകള്‍ക്ക് പത്ത് ഡോളര്‍ വരെ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇത് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള വര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യുമ്പോള്‍ അധിക ബാദ്ധ്യതയാകും.ഏവിയേഷന്‍ ഇന്ധനത്തിന്റെ വില കൂടുന്നത് ഓപ്പറേഷന്‍ കോസ്റ്റിനെ കാര്യമായി സ്വാധീനിക്കുമെന്നാണ് വിമാനക്കമ്പനി അധികൃതര്‍ പറയുന്നത്. ആകെ ചെലവിന്റെ 40 ശതമാനം വരെ ഇന്ധനത്തിനാണ് മുടക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ധനത്തിന് വില വര്‍ദ്ധിക്കുമ്പോള്‍ സര്‍ചാര്‍ജ് കൂട്ടുകയല്ലാതെ പിടിച്ച് നില്‍ക്കാന്‍ മറ്റ് വഴികളില്ലെന്നാണ് കമ്പനികളുടെ വാദം. മാര്‍ച്ച് തുടക്കം മുതല്‍ വിലയില്‍ കാര്യമായ വര്‍ദ്ധനയുണ്ടായതായി കമ്പനി ചൂണ്ടിക്കാട്ടി. എയര്‍ ഇന്ത്യയുടെ ചുവടുപിടിച്ച് മറ്റ് കമ്പനികളും ഇന്ധനസര്‍ചാര്‍ജ് പ്രഖ്യാപിച്ചേക്കും. നിലവില്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് സര്‍ചാര്‍ജ് ഈടാക്കില്ല.


Source link

Related Articles

Back to top button