വന്ദേഭാരത് എക്സ്പ്രസിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുക്കൾ; കർശന നടപടിയെടുത്ത് റെയിൽവേ

ന്യൂഡൽഹി: വന്ദേഭാരത് എക്സ്പ്രസിൽ യാത്രക്കാർക്ക് നൽകിയ ഭക്ഷണത്തിൽ പുഴുക്കളെയും പ്രാണികളെയും കണ്ടത്തി. ട്രെയിനിൽ യാത്രചെയ്തവരിലൊരാൾ പുറത്തുവിട്ട വീഡിയോയിലൂടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിനുപിന്നാലെ നിരവധി യാത്രക്കാർ സമാനരീതിയിലുള്ള പരാതികളുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം പാറ്റ്ന-ടാറ്റാനഗർ വന്ദേഭാരത് എക്സ്പ്രസിൽ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പുഴുക്കളെ കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റെയിൽവേ മന്ത്രാലയം ഭക്ഷണവിതരണക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചു.സംഭവത്തിൽ റെയിൽവേ ടൂറിസം ആന്റ് കാറ്ററിംഗ് കോർപ്പറേഷന് 10 ലക്ഷം രൂപയും ഭക്ഷണവിതരണം നടത്തുന്ന കരാറുകാരന് 50 ലക്ഷം രൂപയും റെയിൽവേ പിഴ ചുമത്തി. കൂടാതെ, വിതരണക്കാരന്റെ കരാർ റദ്ധാക്കുകയും ചെയ്തു.വന്ദേഭാരതിൽ നിന്ന് വാങ്ങിയ അമൂൽ തൈരിൽ പ്രാണികളെ കണ്ടെത്തിയതിന്റെ വീഡിയോയാണ് യാത്രക്കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതോടെ വന്ദേഭാരത് എക്സ്പ്രസ് പോലുള്ള പ്രീമിയം ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയിൽ ആളുകൾ ആശങ്ക ഉന്നയിക്കാൻ തുടങ്ങി. അതേസമയം, യാത്രക്കാരുടെ സുരക്ഷയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ മന്ത്രാലയം കൂട്ടിച്ചേർത്തു.
Source link



