രാഷ്ട്രീയ പാർട്ടികൾക്കുള്ള കത്തിൽ ബിജെപി സീൽ, പിഴവ് സമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ, വിശദീകരണം ഇങ്ങനെ

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾക്കയച്ച ബി.ജെ.പി കേരള ഘടകത്തിന്റെ സീൽ പതിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. പിഴവ് സമ്മതിച്ച മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ, രത്തൻ ഖേൽക്കർ സാങ്കേതികമായ ക്ലറിക്കൽ പിശക് മാത്രമാണെന്നും വ്യക്തമാക്കി. സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച 2019ലെ മാർഗനിർദ്ദേശങ്ങളിൽ വ്യക്തത തേടി ബി.ജെ.പി സംസ്ഥാന ഘടകം സി.ഇ.ഒ ഓഫീസിനെ ത സമീപിച്ചിരുന്നു. ഇതിനായി അവർ സമർപ്പിച്ച അപേക്ഷയ്ക്കൊപ്പം വച്ചിരുന്ന 2019ലെ കത്തിന്റെ പകർപ്പിലാണ് ബി.ജെ.പിയുടെ സീൽ ഉണ്ടായിരുന്നത്. ബി.ജെ.പി നൽകിയ ഈ കത്ത് അശ്രദ്ധ മൂലം മറ്റ് രാഷ്ട്രീയപാർട്ടികൾക്കും അയച്ചു കൊടുക്കുകയായിരുന്നു. എന്നാ. മാർച്ച് 21ന് തന്നെ ഈ പിശക് ശ്രദ്ധയിൽപ്പെട്ടതായും ഉടൻ തന്നെ ആ നിർദ്ദേശം പിൻവലിച്ച് എല്ലാ പാർട്ടികൾക്കും ജില്ലാ കളക്ടർമാർക്കും അറിയിപ്പ് നൽകിയതായും കമ്മിഷൻ അറിയിച്ചു. ക്ലറിക്കൽ പിഴവ് ഉയർത്തിക്കാട്ടി തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു.ബി,ജെ,പിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നതെന്ന വിമർശനത്തോടെയാണ് സി,പി,എം ആരോപണവുമായി രംഗത്ത് വന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുന്നു എന്ന ആരോപണം ദേശീയതലത്തിലും സിപിഎം ഉന്നയിക്കുന്നുണ്ട്.
Source link



