രാജ്യത്തെ ആദ്യ ദയാവധം; ഹരീഷ് റാണയുടെ സംസ്കാരച്ചടങ്ങുകൾ ഇന്ന്, ഹൃദയ വാൽവുകളും കോർണിയയും ദാനം ചെയ്തു

ന്യൂഡൽഹി: കോമയിലെ 4599 ദിനങ്ങക്കൊടുവിൽ വേദന കൂട്ടില്ലാത്ത ലോകത്തേക്ക് യാത്രയായ ഹരീഷ് റാണയുടെ (32) സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. രാവിലെ ഗാസിയാബാദിലാണ് സംസ്കാരം നടക്കുന്നത്. ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങൾ പങ്കെടുക്കും. ഹരീഷിന്റെ ഹൃദയ വാൽവുകളും കോർണിയയും കുടുംബം ദാനം ചെയ്തു.രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീംകോടതി അനുമതി നൽകിയ ഹരീഷ് റാണ ഇന്നലെ വൈകിട്ട് 4.10നാണ് മരണപ്പെട്ടത്. ഡൽഹി എയിംസിലായിരുന്നു അന്ത്യം. 12 വർഷവും 7 മാസവും നാല് ദിവസവുമാണ് ഹരീഷ് കോമയിൽ കഴിഞ്ഞത്. പഞ്ചാബ് സർവകലാശാലയിലെ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്നു ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശിയായ ഹരീഷ്. 2013 ആഗസ്റ്റ് 20ന് പേയിംഗ് ഗസ്റ്റ് ഹൗസിന്റെ നാലാം നിലയിൽ നിന്നുവീണ ഹരീഷിന്റെ തലച്ചോറിന് ഗുരുതര ക്ഷതമേറ്റു. അന്നുമുതൽ കോമാവസ്ഥയിലായിരുന്നു. മാതാപിതാക്കളുടെ അഭ്യർത്ഥനയെ തുടർന്നാണ് സുപ്രീംകോടതി മാർച്ച് 11ന് ദയാമരണത്തിന് അനുമതി നൽകിയത്.14ന് ഗാസിയാബാദിലെ വീട്ടിൽ നിന്ന് ഹരീഷിനെ എയിംസിലേക്ക് മാറ്റിയിരുന്നു. പാലിയേറ്രീവ് കെയർ വിഭാഗത്തിൽ പത്തംഗ വിദഗ്ദ്ധ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജീവൻ രക്ഷാ ഉപകരണങ്ങളും ഭക്ഷണട്യൂബും ഓക്സിജൻ സപ്പോർട്ടും ഘട്ടങ്ങളായി മാറ്റി. വേദന പരമാവധി കുറച്ചു. ആശ്വാസം നൽകുന്ന മരുന്നുകൾ നൽകി. ആശുപത്രിയിൽ പ്രവേശിപ്പിച്ച് പത്താം ദിനമായ ഇന്നലെ ഹരീഷ് ലോകത്തോട് വിടപറഞ്ഞു.
Source link



