യുദ്ധം തുടർന്നാൽ ഇന്ത്യയിൽ ലോക്ഡൗൺ ഏർപ്പെടുത്തുമോ? സാദ്ധ്യതകൾ ഇത്തരത്തിൽ

ന്യൂഡൽഹി: ഇറാൻ യുദ്ധം അവസാനമില്ലാതെ തുടരുന്നതിനിടെ ഇന്ത്യയിൽ ലോക്ഡൗൺ ഏർപ്പെടുത്തിയേക്കുമോ എന്ന ഭീതി വർദ്ധിക്കുന്നു. കടുത്ത ഊർജ പ്രതിസന്ധിയാണ് ഇത്തരമൊരു ആശങ്കയ്ക്ക് അടിസ്ഥാനം. പശ്ചിമേഷ്യയിലെ സംഘർത്തെക്കുറിച്ച് പാർലമെന്റിൽ പ്രസ്താവന നടത്തവെ യുദ്ധത്തിന്റെ പ്രത്യാഘാതം ഏറെനാൾ നീണ്ടുനിൽക്കുമെന്നും കൊവിഡ് കാലത്ത് ഒറ്റക്കെട്ടായി പ്രതിസന്ധികളെ തരണം ചെയ്തതുപോലെ തയ്യാറെടുക്കണമെന്നും സംയമനത്തോടെ ശാന്തമായി പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതാണ് ലോക്ഡൗൺ എന്ന ആശങ്കയ്ക്ക് പൊടുന്നനെ കനംവയ്ക്കാൻ കാരണം. പാചക വാതക പ്രതിസന്ധിമൂലം ഹോട്ടലുകൾ അടച്ചതും ഇതിന് ആക്കം കൂട്ടി. ഇന്റർനെറ്റിൽ ട്രെൻഡിംഗ് സെർച്ചുകൾ ഇപ്പോൾ ലോക്ഡൗണുമായി ബന്ധപ്പെട്ടാണ്.ലോക്ഡൗൺ എന്ന ആശങ്കയ്ക്ക് ഒരു അടിസ്ഥാനവുമില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. ഊർജ പ്രതിസന്ധി ലോകത്തിലെ ചില രാജ്യങ്ങളെ ബാധിച്ചെങ്കിലും ഇന്ത്യയിൽ അത്തരമൊരു ഭീതിയില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. പൊതുജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടായിരുന്നു കാെവിഡ് സമയത്ത് ലോക്ഡൗൺ ഏർപ്പെടുത്തിയത്. അത്തരമൊരു സാഹചര്യവും നിലവിലില്ല.പാചക വാതകത്തിന് പ്രതിസന്ധിയുണ്ടെങ്കിലും ജനജീവിതത്തെ പൂർണമായി ബാധിക്കുന്ന തരത്തിലേക്ക് അത് എത്തിയിട്ടില്ല. ഹോർമുസിലൂടെ ഇന്ത്യയിലേക്കുള്ള എണ്ണയും പ്രകൃതി വാതകവും ഇറാൻ കടത്തിവിടുന്നുണ്ട്. മാത്രമല്ല റഷ്യയിൽ നിന്ന് വാങ്ങുന്നുമുണ്ട്. ഇത് ഇന്ത്യയുടെ നില ഭദ്രമാക്കുന്നു. രാജ്യത്ത് എണ്ണയുടെ കരുതൽ ശേഖരം ആവശ്യത്തിനുണ്ട്. അതിനാൽ അതും പ്രശ്നമാകില്ല. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഇറാൻ യുദ്ധം അവസാനിക്കാതെ നീളുന്നത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് ആഘാതമുണ്ടാക്കും എന്നാണ് കരുതുന്നത്.
Source link

