LATEST

പത്മജ തൃശൂരിലും ശോഭ പാലക്കാട്ടും മത്സരിച്ചേക്കും

തിരുവനന്തപുരം: തൃശൂരിൽ പത്മജാ വേണുഗോപാലും പാലക്കാട്ട് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനും ബി.ജെ.പി സ്ഥാനാർത്ഥികളായേക്കും. ഇരുവരോടും പ്രാഥമിക പ്രവർത്തനം തുടങ്ങാൻ പാർട്ടി നിർദ്ദേശിച്ചെന്നാണ് സൂചന.

ഔദ്യോഗികമായി പിന്നീടാണ് പ്രഖ്യാപിക്കുക. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സംസ്ഥാന ചുമതലയുളള കേന്ദ്രനേതാക്കളുമായി ആലോചിച്ച് മുൻഗണനയുള്ള മണ്ഡലങ്ങളിൽ അനുയോജ്യരായ നേതാക്കളോട് പ്രാഥമിക പ്രവർത്തനം തുടങ്ങാൻ നിർദ്ദേശിക്കുന്നതാണ് ഇപ്പോഴത്തെ രീതി. രാജീവ് ചന്ദ്രശേഖർ നേമം മണ്ഡലത്തിൽ പ്രവർത്തനത്തിന് തുടക്കം കുറിച്ചതും ഇതേ സമീപനത്തിലാണ്. മുതിർന്ന നേതാവ് വി.മുരളീധരൻ കഴക്കൂട്ടം മണ്ഡലത്തിൽ നേരത്തേ പ്രവർത്തനം തുടങ്ങിയിരുന്നു.

ഷോൺ ജോർജ്ജ് പാലാ മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പി.സി.ജോർജ്ജ് പൂഞ്ഞാറിലും രംഗത്തിറങ്ങിയേക്കും.

2016ൽ തൃശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു പത്മജ. പാർട്ടിക്കാരിൽ ഒരു വിഭാഗം കാലുവാരിയത് കൊണ്ടാണ് തോറ്റതെന്ന് പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് തൃശൂർ നഗരസഭയിലെ 35ഡിവിഷനിൽ മുന്നിലെത്താനായി.ആ മികവ് പത്മജയ്ക്കു നേടാനാകുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്.

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ പാർട്ടിയെ രണ്ടാം സ്ഥാനത്ത്എത്തിക്കാൻ കഴിഞ്ഞത് 2016ൽ ശോഭാസുരേന്ദ്രൻ മത്സരിച്ചപ്പോഴാണ്. ആ കുതിപ്പാണ് ഇപ്പോഴത്തെ അനുകൂല സാഹചര്യത്തിൽ പാർട്ടി പ്രതീക്ഷിക്കുന്നത്. പാലക്കാട്ടെ ഉൾപ്പാർട്ടി പ്രശ്നങ്ങൾ അതിജീവിക്കാനും ശോഭയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.


Source link

Back to top button