LATEST

മാസങ്ങൾക്കുമുമ്പ് മൃതദേഹം കണ്ടെത്തി, പ്രതിക്കായുള്ള അന്വേഷണത്തിൽ വൻ ട്വിസ്റ്റ്, കണ്ടെത്തിയ മൃതദേഹം ‘പ്രതി’യുടേത്


കൊല്ലം:പുനലൂർ- മൂവാറ്റുപുഴ ഹൈവേയ്ക്കുസമീപം മുക്കടവ് ആളുകേറാമലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. കേസിൽ കൊലപാതകിയെന്ന് കരുതുന്നയാളുടേയാണ് കണ്ടെത്തിയ മൃതദേഹം എന്നാണ് ഒടുവിൽ വ്യക്തമായത്.ആലപ്പുഴ ചാരുംമൂട് സ്വദേശി അനിക്കുട്ടന്റേതാണ് മൃതദേഹമെന്നാണ് ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞത്. ഇയാളെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഒളിവിൽ കഴിയുന്ന പ്രതിക്കായി അന്വേഷണം നടത്തുകയാണെന്നും ഉടൻ പിടിയിലാവുമെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത്.കൊലപ്പെടുത്തിയശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്നും അനിക്കുട്ടനാണ് പ്രതിയെന്നുമാണ് തുടക്കംമുതൽ പൊലീസ് പറഞ്ഞിരുന്നത്. മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് ലഭിച്ച സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് അനിക്കുട്ടനാണ് പ്രതിയെന്ന് ഉറപ്പിച്ചത്. മഞ്ഞ ഷർട്ടും കാവി കൈലിയും ധരിച്ചൊരാൾ മൃതദേഹം കണ്ടെത്തുന്നതിന് ഏതാനും ദിവസം മുൻപ് കന്നാസുമായി ഈ പമ്പിൽ പെട്രോൾ വാങ്ങാനെത്തിയിരുന്നു. ആയാൾ ധരിച്ചിരുന്നതിന് സമാനമായ കൈലിയുടെ അവശിഷ്ടങ്ങൾ മൃതദേഹത്തിനരികിൽ നിന്ന് ലഭിച്ചു. കൈലിയുടെ കര ഉരുകിയ നിലയിലും കണ്ടെത്തി. ഇതിന് പുറമേ, ദൃശ്യത്തിലുള്ളയാൾ ധരിച്ച ചെരുപ്പിന് സമാനമായതിന്റെ അവശിഷ്ടങ്ങൾ, കൈവശമുള്ള കന്നാസ്, കറുത്ത ബാഗ് തുടങ്ങിയവയും ലഭിച്ചു.ബാഗിൽ ഭാരമുള്ള ഏതോ വസ്തുവും താങ്ങിയെടുത്താണ് ഇയാൾ പമ്പിലേക്കു വന്നത്. മൃതദേഹം മരത്തിൽ ബന്ധിച്ചിരുന്ന ചങ്ങലയായിരിക്കാം ബാഗിനുള്ളിൽ ഉണ്ടായിരുന്നത് എന്ന നിഗമനത്തിലും പൊലീസ് എത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇടത് കാലിന് സാധീക്കുറവുള്ള മദ്ധ്യവയ്കനാണെന്നും മരണകാരണം നെഞ്ചിനേറ്റ ആഴത്തിലുള്ള മുറിവാണെന്നും കൊലപാതകമാണന്നും സ്ഥിരീകരിച്ചു. സ്ഥലത്ത് ഫോറൻസിക്, ഡോഗ് സ്ക്വാഡ്, മെറ്റൽ ഡിറ്റക്ടർ പരിശോധകൾ നടത്തിയെങ്കിലും കാര്യമായ തെളിവ് ലഭിച്ചിരുന്നില്ല. റബർ തോട്ടത്തിലെ കാടുകൾ വൃത്തിയാക്കിയും ഡ്രോൺ പറത്തിയും വിവരങ്ങൾ ശേഖരിച്ചിരുന്നു.


Source link

Related Articles

Back to top button