മാനം ഇരുണ്ടെങ്കിലും ചൂടിനാശ്വാസമില്ല; എട്ട് ജില്ലകളിൽ താപനില കഠിനമാകുമെന്ന് മുന്നറിയിപ്പ്, യെല്ലോ അലർട്ട്

തിരുവനന്തപുരം: കാർമേഘങ്ങൾ കാണപ്പെട്ടെങ്കിലും കേരളത്തിൽ ചൂടിനാശ്വാസമാകുന്നില്ല. വിവിധ ജില്ലകളിൽ താപനില ഉയരുന്നതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും വിവിധ ജില്ലകളിൽ ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്.മാർച്ച് 11, 12 തീയതികളിൽ കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും പാലക്കാട്, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരും. ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.കണ്ണൂരിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. എട്ട് ജില്ലകൾക്കാണ് മഞ്ഞ അലർട്ടുള്ളത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകൾക്കാണ് അലർട്ടുള്ളത്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പകൽ 11 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം.
Source link



