test del 3

‘മാക്സി തുടരും കൊച്ചി വളരും’, ‘നമ്മുടെ കൊച്ചി നമ്മുടെ ഷിയാസ്’; ആർ‌ത്തലച്ച് പ്രചാരണം


കൊച്ചി ∙ ‘ഇവിടെ കബൂറൊന്നുമില്ല, ഹാപ്പിയാണ് ഇപ്പോൾ’ – തീരദേശ കൊച്ചിയുടെ നീണ്ട് അയഞ്ഞ താളത്തിൽ അരുൺ പറഞ്ഞു. ചെല്ലാനത്ത് ‘ടി ടെട്രോപോഡുകൾ’ സ്ഥാപിച്ചിരിക്കുന്നതിന്റെ തൊട്ടുമുന്നിലാണ് കൊച്ചിയിൽ ഓൺലൈൻ ടാക്സി ഓടിക്കുന്ന അരുണിന്റെ വീട്. ആ പ്രദേശത്ത് കടലിപ്പോൾ ശാന്തമാണ്; ഏറിയും കുറഞ്ഞും പ്രദേശവാസികളുടെ ജീവിതവും. എന്നാൽ അവിടെനിന്ന് ഏതാനും കിലോമീറ്റർ പോയാൽ പുത്തൻതോടെത്തും. അവിടം മറ്റൊരു ലോകമാണ്. ആർത്തടിക്കുന്ന തിര കയറി പൊട്ടിപ്പൊളിഞ്ഞും ഉ‌ടമസ്ഥർ ഉപേക്ഷിച്ചും പോയ വീടുകളുടെ അസ്ഥികൂടങ്ങൾ. ചെല്ലാനം പഞ്ചായത്തിന്റെ ഒരു ഭാഗത്ത് ആശ്വാസവും മറുഭാഗത്ത് ആശങ്കയുമാണ്. സമീപ പഞ്ചായത്തായ കുമ്പളങ്ങിയും കൊച്ചി കോർപറേഷനിലെ മട്ടാഞ്ചേരിയും ഫോർട്ട്കൊച്ചിയും തോപ്പുംപടിയുമടക്കം 20 വാർഡുകളും ചേരുന്നതാണ് കൊച്ചി നിയമസഭാ മണ്ഡലം. ഇത്തവണ എറണാകുളം ജില്ലയില്‍ ഏറ്റവും കരുത്തുറ്റ പോരാട്ടത്തിനു സാക്ഷ്യം വഹിക്കുന്ന മണ്ഡലവും കൂടിയാണ് കൊച്ചി. ഇടതു സ്ഥാനാർഥിയെ അപേക്ഷിച്ച് പ്രചാരണം കുറച്ച് വൈകിയാണ് തുടങ്ങിയതെങ്കിലും ഷിയാസും പോസ്റ്റർ യുദ്ധത്തിൽ ഒപ്പത്തിനൊപ്പമാണ്. ഒരു സ്ഥാനാർഥിയുടെ മാത്രമായി എവിടേയും പോസ്റ്ററുകൾ കാണാൻ കഴിയില്ല. ഒരു ഭാഗത്ത് മാക്സിയുടേത് ഉണ്ടെങ്കിൽ മറുഭാഗത്ത് ഷിയാസിന്റേതും ഉണ്ടാകും. അതേസമയം, എൻഡിഎ സ്ഥാനാർഥി ട്വന്റി 20യുടെ സേവ്യർ ജൂലപ്പന്റെ പോസ്റ്ററുകൾ വളരെ തുച്ഛം. കുറച്ചെങ്കിലുമുള്ളത് അദ്ദേഹത്തിന്റെ സ്വന്തം നാടായ ചെല്ലാനത്തു മാത്രം. എസ്‍ഡിപിഐ സ്ഥാനാർഥി അനീഷ് മട്ടാഞ്ചേരിയുടെ പോസ്റ്ററുകളും മണ്ഡലത്തിൽ കാണാം. ത്രികോണ മത്സരത്തിന്റെ ലാഞ്ചന പോലുമില്ലെന്നും മത്സരം മാക്സിയും ഷിയാസും തമ്മിലാണെന്നും മണ്ഡലം വിളിച്ചുപറയുന്നു. ‘മാക്സി തുടരും കൊച്ചി വളരും’ എന്ന് ഒരു ഭാഗത്തെ പോസ്റ്ററുകൾ പറയുമ്പോൾ ‘നമ്മുടെ കൊച്ചി നമ്മുടെ ഷിയാസ്’ എന്നാണ് മറുഭാഗം പോസ്റ്ററുകളിലെ മുദ്രാവാക്യം. പുത്തൻതോട് മുതൽ മാനാശേരി വരെ തുറന്നു കിടക്കുന്ന കടലാണ് ഇവരുടെ കണ്ണീർ. എല്ലാ മഴക്കാലത്തും ആർത്തടിച്ചെത്തുന്ന തിര വീടുകളിലൂടെ കയറിയിറങ്ങിപ്പോകും. പിന്നെ കുറെക്കാലം സ്കൂളുകളിലെ പുനരധിവാസ ക്യാംപുകളിലോ ബന്ധുവീടുകളിലോ ആണ് ജീവിതം. തിരിച്ചുവരുമ്പോൾ വീടുകളുടെ നല്ലൊരു ഭാഗം മണലിൽ പൂഴ്ന്നിട്ടുണ്ടാവും. ഈ പ്രദേശങ്ങളിലെ മിക്ക വീടുകളുടേയും തറ കാണാൻ സാധിക്കില്ല, മണൽ നിറഞ്ഞിരിക്കുകയാണ്. ‘‘ഈയിടെ മുഖ്യമന്ത്രിയൊക്കെ വന്ന് കല്ലിട്ടു പോയതേയുള്ളൂ. പണി ഒന്നും ആയില്ല. ഇവിടെ പുത്തൻതോട്ടിൽ വച്ചായിരുന്നു ടെട്രോപോഡിന്റെ നിർമാണം. എന്നിട്ട് അവരത് ചെല്ലാനത്തു കൊണ്ടുപോയി ഇട്ടു. അവരും ഒരുപാട് അനുഭവിച്ചതാ. അവർക്ക് ഇപ്പോൾ കുഴപ്പമില്ല. അവരെങ്കിലും സമാധാനമായി കിടക്കുന്നണ്ടല്ലോ. പക്ഷേ ‍ഞങ്ങൾക്കിപ്പോഴും ഉറക്കം പോലുമില്ലാതെ നേരം വെളുപ്പിക്കേണ്ടി വരുന്നു’’– കൂടിയിരിക്കുന്ന എല്ലാവരുടേയും വാക്കുകൾ ഇത്തരത്തിലാണ്.


Source link

Back to top button