മമ്മൂട്ടിയെയും ടൗൺഷിപ്പിനെയും അനാവശ്യ വിവാദത്തിലാക്കി; കെ റഫീഖിനെതിരെ സിപിഎമ്മിൽ നീരസം, ചർച്ചയ്ക്ക് സാദ്ധ്യത

കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് സന്ദർശിക്കനെത്തിയ നടൻ മമ്മൂട്ടി സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് അതൃപ്തി അറിയിച്ച സംഭവത്തിൽ പാർട്ടിക്കുള്ളിൽ നീരസം. വയനാട് സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളാണ് ഇപ്പോൾ നീരസം പ്രകടിപ്പിച്ചിരിക്കുന്നത്. റഫീഖ് ജില്ലാ സെക്രട്ടറി പദവിക്ക് ചേരാത്ത തരത്തിൽ പെരുമാറിയെന്നാണ് ചില നേതാക്കൾ പറയുന്നത്. ഇതോടൊപ്പം മമ്മൂട്ടിയെയും ടൗൺഷിപ്പിനെയും അനാവശ്യ വിവാദത്തിലാക്കിയെന്നും നേതാക്കൾക്ക് അഭിപ്രായമുണ്ട്. ഈ വിഷയം ജില്ലാ കമ്മിറ്റിയിൽ ചർച്ചയാകാനും സാദ്ധ്യതയുണ്ട്.വയനാട് ടൗൺഷിപ്പ് സന്ദർശിക്കാനെത്തിയ മമ്മൂട്ടി റഫീഖിനോട് അൽപം മാറി നിൽക്കാൻ പറഞ്ഞതിനെച്ചൊല്ലിയാണ് സമൂഹ്യ മാദ്ധ്യമങ്ങളിലും ഇടത് സൈബർ ഹാൻഡിലും വ്യാപകമായ ആക്രമണം നടന്നത്. പാർട്ടി ജില്ലാ സെക്രട്ടറിക്ക് മുകളിലല്ല മെഗാസ്റ്റാർ. അത് പാർട്ടി ബ്രാഞ്ച് സെക്രട്ടറിയായാലും എന്ന് തുടങ്ങുന്ന തരത്തിലായിരുന്നു സൈബർ ആക്രമണം. എന്നാൽ മന:പൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മമ്മൂട്ടി റഫീക്കിനോട് പറഞ്ഞു. സൗഹൃദ സംഭാഷണമായി കണക്കാക്കിയാൽ മതി. താങ്കളോട് മാത്രമായി പറഞ്ഞതാണ്. അതെങ്ങനെ പുറത്തു വന്നെന്നറിയില്ലെന്ന് മമ്മൂട്ടി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ അവസാനിച്ചെന്ന് റഫീഖും അറിയിച്ചിരുന്നു.ശനിയാഴ്ച വയനാട് ടൗൺഷിപ്പ് സന്ദർശിക്കവെ, ‘നിങ്ങൾ എപ്പോഴും എന്റെ കൂടെ എന്തിനാണ് നിൽക്കുന്നത്. ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് വിചാരിക്കും’.എന്നാണ് റഫീഖിനോട് മമ്മൂട്ടി പറഞ്ഞത്. പൊതുപ്രവർത്തകനെന്ന നിലയ്ക്ക് ടൗൺഷിപ്പിൽ വരുന്നവരെ സ്വീകരിക്കുന്നത് മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്ന് മമ്മൂട്ടി സൂചിപ്പിച്ചു. ദുരന്ത ജീവിതം താറുമാറാക്കിയ പ്രിയപ്പെട്ടവരുടെ പുഞ്ചിരിയാണ് ഏറ്റവും പ്രിയപ്പെട്ടതെന്ന് റഫീഖ് പറഞ്ഞു.
Source link



